അതിജീവനം കേരളീയം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ നടപ്പിലാക്കുന്ന വർക്ക് ട്രെയിനിങ് സെന്റർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കെട്ടാങ്ങലിൽ ഹാളിലാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
കുടുംബശ്രീ സി.ഡി.എസ് മുഖേനയാണ് ഈ പദ്ധതി നടത്തുന്നത് .അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ മൃദുനൈപുണികൾ വികസിപ്പിക്കുക, അവർക്ക് വേതന തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് ആണ് ഇതിന്റെ പരിശീലനം നൽകുന്നത്. 35 വയസ്സിൽ താഴെയുള്ള ഐ.ടി.ഐ, പോളി, ഡിപ്ലോമ, ഡിഗ്രി
തുടങ്ങിയ വിദ്യാഭ്യാസമുള്ള വരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. ഒരു ബ്ലോക്കിൽ ഒരു സെന്റർ എന്ന രീതിയിൽ ക്രമീകരിച്ച ഈ കേന്ദ്രത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തുന്നത് കുടുംബശ്രീ സംഘടനാ സംവിധാനം മുഖേനയാണ്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലേക്കായിരുന്നു ഈ കേന്ദ്രം അനുവദിച്ചിരുന്നതെങ്കിലും പഞ്ചായത്ത് ആരംഭിക്കുന്നതിൽ താൽപര്യം കാണിക്കാതിരുന്നതിനാലാണ് ചാത്തമംഗലത്തേക്ക് മാറ്റിയത്.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം സാമി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി രാജീവ് സംസാരിച്ചു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ടി ബിജേഷ് പദ്ധതി വിശദീകരിച്ചു. ചാത്തമംഗലം സി.ഡി.എസ് ചെയർപേഴ്സൺ വി സാബിറ സ്വാഗതവും മാവൂർ സി.ഡി.എസ് ചെയർപേഴ്സൺ പി ഗീത നന്ദിയും പറഞ്ഞു.