വെഞ്ഞാറമൂട്; പേരുമല വലിയപള്ളി ഏഴിന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. 75 വര്‍ഷം പഴക്കമുണ്ടായിരുന്ന തടികൊണ്ടുള്ള പഴയ പള്ളി നിന്ന സ്ഥലത്താണ് വലിയ പള്ളി പണിതിരിക്കുന്നത്. 13000 ചതുരശ്രയടി വിസ്തൃതിയുള്ള മസ്ജിദില്‍ രണ്ടായിരത്തോളം പേര്‍ക്ക് ഒരുമിച്ച് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്. പേര്‍ഷ്യന്‍ മാതൃകയിലാണ് ഇരുനിലപ്പള്ളി പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാധാരണ കാണുന്ന വൃത്താകൃതിയിലുള്ള മിനാരങ്ങള്‍ക്ക് പകരം ചതുരാകൃതിയിലാണ് മിനാരങ്ങള്‍ പണിതിട്ടുള്ളത്. മൂന്ന് താഴികക്കുടങ്ങളും പണിതിട്ടുണ്ട്.
മുഖ്യപുരോഹിതന്റെ പ്രസംഗപീഠവും ദര്‍ബാറും ഉള്‍പ്പെടെ എല്ലാം തേക്കിലാണ് തീര്‍ത്തിരിക്കുന്നത്. വാഹന പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്.
ആയിരത്തോളം കുടുംബങ്ങള്‍ ഉള്ള ജമാഅത്തിലെ അംഗങ്ങളില്‍ നിന്നും വിശ്വാസികളില്‍ നിന്നുമായി സമാഹരിച്ച പണംകൊണ്ടാണ് മസ്ജിദ് പണി പൂര്‍ത്തിയാക്കിയത്. 3.20 കോടി രൂപയോളം ചെലവിട്ടാണ് മനോഹരമായ വലിയപള്ളി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. പ്രസിഡന്റ് എ.എം ബഷീര്‍ തേമ്പക്കാല,സെക്രട്ടറി ഇ.അബ്ദുള്‍ അസീസ്, കണ്‍വീനര്‍ റഷീദ് ആനക്കുഴി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് മേല്‍നോട്ടം വഹിച്ചത്.
7ന് വൈകീട്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മസ്ജിദ് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. അടൂര്‍ പ്രകാശ് എം.പി, ഡി.കെ മുരളി എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.