ലബനാനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ. ആക്രമണത്തിൽ ഇത് വരെ കൊല്ലപപ്പെട്ടവരുടെ എണ്ണം 2000 കടന്നു.
വടക്കൻ ലെബനൻ നഗരമായ ട്രിപ്പോളിയിലെഫലസ്തീൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഹമാസ് സായുധ വിഭാഗം തലവനായ സയീദ് അത്തല്ല കൊല്ലപ്പെട്ടു. അത്തല്ലയുടെ മൂന്ന് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോട്ടുണ്ട്. ബെയ്‌റൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തുടർച്ചയായ സ്‌ഫോടനങ്ങൾ ഉണ്ടായി. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം നിർദേശം നൽകിയതിന് പിന്നാലെയാണിത് . കൂടാതെ, ഗസയിലെ നുസ്രത്ത് അഭയാർത്ഥി ക്യാംപിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു.ഇതിനിടെ ലബനനിൽ യുഎസ് പൗരൻ കൊല്ലപ്പെട്ടെന്ന വാർത്ത അമേരിക്ക സ്ഥിരീകരിച്ചു. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഐക്യരാഷ്ട്ര സംഘടന സമാധാന സേനാംഗങ്ങൾ തെക്കൻ ലെബനനിൽ നിലയുറപ്പിച്ചു, ഇസ്രായേലിനും ലെബനനുമിടയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സ്ഥിതിഗതികൾ ചർച്ചചെയ്യുന്നതിന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ എത്തി.
അതിനിടെ തെക്കൻ ഇസ്രായേലിലെ ഐൻ ഹാഷ്‌ലോഷയിലും കിസുഫിലും മുന്നറിയിപ്പ് സൈറൻ നൽകി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയിയുടെ പ്രഭാഷണത്തിന് പിന്നാലെ ഇറാൻ റോക്കറ്റ് ആക്രമണം നടത്തിയതിൽ പ്രകോപിതരായാണ് ഇസ്രായേൽ വ്യോമാക്രമണം വീണ്ടും കടുപ്പിച്ചത്. ആക്രമണങ്ങളിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.