ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വീണ്ടും ഇലോൺ മസ്‌ക്.വില നിശ്ചയിച്ച് വാങ്ങാന്‍ തീരുമാനിക്കുകയും പിന്നീട് അതില്‍ നിന്ന് പിന്മാറുകയും ചെയ്ത മസ്‌ക് തന്നെ ഇപ്പോള്‍ നേരത്തെ പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇലോൺ മസ്ക് ട്വിറ്റർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. കോടതി വ്യവഹാരം ഒഴിവാക്കാനായുള്ള സമവായ നീക്കമായാണ് മസ്കിന്‍റെ മനംമാറ്റത്തെ വിലയിരുത്തുന്നത്. ഒരു ഷെയറിന് 54.20 ഡോളര്‍ എന്ന വിലയ്ക്ക് ഏറ്റെടുക്കാമെന്നാണ് മസ്ക് അറിയിച്ചിട്ടുള്ളത്. നേരത്തെ കരാറില്‍ നിന്ന് പിന്മാറും മുന്‍പ് ധാരണയായ അതേവിലയാണ് ഇത്. നിലപാട് മാറ്റി വാങ്ങാനുള്ള തീരുമാനവുമായി മസ്‌ക് വീണ്ടും മുന്നോട്ടുവന്നതോടെ ട്വിറ്ററിന്റെ ഓഹരി വില കുതിച്ചുകയറി. വ്യാജ അക്കൗണ്ടുകള്‍ നീക്കി ശുദ്ധീകരിച്ച് സ്വതന്ത്ര മാധ്യമമായി ട്വിറ്റിനെ മാറ്റുമെന്നാണ് മസ്‌കിന്റെ അവകാശവാദം. ട്വിറ്റര്‍ പറഞ്ഞതില്‍ കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നുമുള്ള കാരണങ്ങള്‍ ഉന്നയിച്ചാണ് വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് മസ്‌ക് പിന്മാറിയത്. എന്നാല്‍ ട്വിറ്റര്‍ ഉടമകള്‍ ഇത് നിഷേധിച്ചിരുന്നു.