ശ്വാസകോശം സ്പോഞ്ചു പോലെയാണ്….. വലിയ വില കൊടുക്കേണ്ടി വരും ….. ഈ വാക്കുകൾ കേൾക്കാത്തവരായി കേരളത്തിലിന്നാരുമില്ല. ഈ ശബ്ദം ആരുടെതാണ് ? പയിമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ എക്സൈസ് വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസും ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. ഗോപൻ എന്ന ഉത്തരം തെരെഞ്ഞടുത്തവർ കുറവായിരുന്നില്ല.
പവർ പോയിൻറ് അവതരണത്തിലൂടെ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലോക്ക് ചെയ്തു കൊണ്ട് സ്മാർട്ടായാണ് ഓരോ ടീമും പങ്കെടുത്തത്. കേവലമൊരു ക്വിസ് എന്നതിനപ്പുറം ലഹരിയുടെ രാക്ഷസരൂപം കുട്ടികളിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ഓരോ ഉത്തരത്തിന്റെ കൂടെയും അനുബന്ധമായി ചിത്രങ്ങളും വീഡിയോയുമുൾപ്പെട്ട കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തിരുന്നു. ക്വിസിന് ഇടയിൽ ലഹരിയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യ ഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും സ്കൂളിൽ നടന്നു.
വിമുക്തിയുടെ ബ്രാൻഡ് അംബാസിഡർ ആരെന്ന ചോദ്യത്തോടെ ആരംഭിച്ച ക്വിസ് മത്സരം അവസാനിച്ചത് വ്യക്തി, കുടുംബം, സമൂഹം, ജീവിതം ഇതിനുള്ളിൽ ലഹരിക്ക് സ്ഥാനമില്ല എന്ന മഹാത്മാഗാന്ധിയുടെ മഹത് വചനം ചോദ്യമായാണ്.
ഗാന്ധിജയന്തി വാരാചരണത്തിൻറെ ഭാഗമായി സ്കൂളിൽ വിമുക്തി വാട്സ് ഗ്രൂപ്പ് രൂപം നൽകി. വിമുക്തി@ജി എച്ച് എസ് പയിമ്പ്ര എന്ന പേരിലാണ് ഇവിടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിന് രൂപം നൽകിയിരിക്കുന്നത്. രക്ഷാകർത്താക്കൾ, പിടിഎ, ജാഗ്രത സമിതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് , അധ്യാപകർ എന്നിവരാണ് ഈ ഗ്രൂപ്പിലുണ്ടാവുക.
.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി ആർ അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സഫിയ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കല, ഹെഡ് മാസ്റ്റർ വത്സരാജൻ മാസ്റ്റർ, വിമുക്തി കൺവീനർ ജയേഷ് തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ വിജയികളായവർക്ക് എക്സൈസ് ഇൻസ്പെക്ടർ എം കെ ഗിരീഷ് സമ്മാനദാനം നിർവ്വഹിച്ചു. സന്തോഷ് ചെറുവാട്ട് ക്വിസ് നടത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ – അശ്വിൻ രാജ് -അഭിനന്ദ് ഒന്നാം സ്ഥാനവും അമർ മനോജ് – അശ്വിൻ രണ്ടാം സ്ഥാനവും ഹയർ സെക്കന്ററി വിഭാഗത്തിൽ ഋഷികേഷ് – അമൽ ഒന്നാം സ്ഥാനവും എസ് പ്രണവ് – പി ആർ രോഹിത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.