News

നേത്രദാന പക്ഷാചരണം: പ്രതിജ്ഞയേക്കാള്‍ പ്രധാനം പ്രാവര്‍ത്തികമാക്കല്‍

ആശുപത്രി അധിഷ്ഠിത നേത്രപടലം വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുക
ദേശീയ നേത്രദാന പക്ഷാചരണം ആചരിച്ച് വരുന്ന ഈ സമയത്ത് പ്രതിജ്ഞയേക്കാള്‍ നേത്രദാനം പ്രാവര്‍ത്തികമാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തില്‍ 20,000 മുതല്‍ 30,000 വരെ അന്ധതയാണ് പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആഴ്ചയില്‍ രണ്ട് കണ്ണുകള്‍ നേത്രദാനത്തിലൂടെ ലഭിക്കുകയാണെങ്കില്‍ നേത്രപടല അന്ധത ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. അന്ധവിശ്വാസം, മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ക്ക് അനുഭവപ്പെടുന്ന വൈകാരിക കാഴ്ചപ്പാട് എന്നിവയാണ് നേത്രദാനത്തിന് പ്രധാന തടസമായി ഇന്നും നിലനില്‍ക്കുന്നത്. നേത്രദാന സമ്മതപത്രം എഴുതി കൊടുത്തത് കൊണ്ട് മാത്രം നേത്രദാനം സാധ്യമാകുന്നില്ല. മരണാനന്തരം 6 മണിക്കൂറിനുള്ളില്‍ ബന്ധുക്കള്‍ അടുത്തുള്ള നേത്രബാങ്കില്‍ വിവരം അറിയിക്കേണ്ടതാണ്. മരണാനന്തരം നേത്രം ദാനം ചെയ്യുന്നതിലൂടെ രണ്ട് ജീവിതങ്ങള്‍ക്കാണ് വെളിച്ചമാകുന്നത്. അതിനാല്‍ തന്നെ നേത്ര ദാനം ശ്രേഷ്ഠ ദാനമായി എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആഗസ്റ്റ് 25ന് തുടങ്ങിയ നേത്രദാന പക്ഷാചരണം സെപ്റ്റംബര്‍ 8നാണ് അവസാനിക്കുക. ‘ഒരു ലക്ഷം കോര്‍ണിയല്‍ ട്രാന്‍സ്പ്ലന്റേഷന്‍ 2020 ല്‍ പൂര്‍ത്തീകരിക്കുക’എന്നതാണ് പക്ഷാചാരണ ലക്ഷ്യം. രാജ്യത്ത് ഇതുവരെ 12 ദശലക്ഷം അന്ധത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 20 ലക്ഷം നേത്രപടല അന്ധതയാണ്. കുട്ടികളെയും ചെറുപ്പക്കാരെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്. കളിക്കുമ്പോള്‍ കളിപ്പാട്ടങ്ങള്‍, പെന്‍സില്‍, പേന, കൂര്‍ത്ത വസ്തുക്കള്‍ എന്നിവ കൊണ്ട് കണ്ണുകള്‍ക്ക് ഉണ്ടാകുന്ന മുറിവുകളാണ് കുട്ടികളുടെ അന്ധതയുടെ പ്രധാന കാരണം. ഓരോ വര്‍ഷവും ഇരുപതിനായിരത്തില്‍ കൂടുതല്‍ നേത്രപടലാന്ധതയുടെ പുതിയ കേസുകള്‍ നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേത്രദാനത്തിലൂടെയാണ് ഇതില്‍ 80 ശതമാനം അന്ധതയും പരിഹരിക്കപ്പെടുന്നത്.

നേത്രപടല അന്ധതയുടെ കാരണങ്ങള്‍
ജന്മനായുണ്ടാകുന്ന വൈകല്യങ്ങള്‍, കണ്ണുകളില്‍ ഉണ്ടാവുന്ന മുറിവ്, അണുബാധ, അള്‍സര്‍ വൈറ്റമിന്‍ എ യുടെ കുറവ്, എന്നിവയും ട്രക്കോമ, ചിക്കന്‍പോക്‌സ്, അഞ്ചാംപനി തുടങ്ങിയവയും അന്ധതയ്ക്ക് കാരണമാകാം.

കോവിഡ് കാലത്തെ നേത്ര സംരക്ഷണം
ഓണ്‍ലൈന്‍ വിദ്യാഭ്യാസവും, ഓഫീസ് ജോലികളും, ഓണ്‍ലൈനില്‍ വിനോദോപാധികള്‍ തേടുന്നതും മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ അമിത ഉപയോഗത്തിന് കാരണമാകുന്നു. ഇത് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകാം.

വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍
കണ്ണുകഴപ്പ്, നീറ്റല്‍, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണില്‍ ചുമപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തലവേദന, കഴുത്ത് വേദന, കണ്‍കുരു, കണ്ണു തുടിക്കല്‍ എന്നിവയും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ഭാഗമായി കണ്ടുവരാറുണ്ട്.

പ്രതിവിധി
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന അവസരത്തില്‍ ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 സെക്കന്റ് നേരം കണ്ണടച്ചിരിക്കുകയോ, ഇരുപതടി ദൂരെയുള്ള വസ്തുവില്‍ നോക്കുകയോ ചെയ്യുക. കാഴ്ച കുറവ് ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കണ്ണടകള്‍ ഉപയോഗിക്കുക. കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുന്നത് കുറഞ്ഞു കണ്ണുകളില്‍ വരള്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ മാത്രം ഉപയോഗിക്കുക. ധാരാളം വെള്ളം കൂടിക്കുകയും ഇലക്കറികളും പഴവര്‍ഗങ്ങളും നിത്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം കണ്ണുകള്‍ക്കുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുക.

നേത്ര സംരക്ഷണത്തിന് പാലിക്കേണ്ട മുന്‍കരുതലുകള്‍
കണ്ണുകളില്‍ ഉണ്ടാവുന്ന ചെറിയ മുറിവുകള്‍ക്ക് പോലും സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടേണ്ടതാണ്. വ്യവസായ ശാലകളിലും വെല്‍ഡിങ് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും കണ്ണുകളുടെ സംരക്ഷണത്തിനായി പ്രത്യേക കണ്ണടകള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കേണ്ടതാണ്. പെയിന്റ്, കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ എന്നിവരും കണ്ണുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതാണ്.

കോവിഡ് കാലത്ത് ഏറെ ജാഗ്രത
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കണ്ണുകളുടെ സുരക്ഷയ്ക്ക് അത്യന്തം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. കോവിഡ് രോഗിയുടെ സ്രവങ്ങള്‍ കണ്ണുകളിലെ ശ്ലേഷ്മ സ്തരങ്ങളില്‍ പതിക്കുമ്പോള്‍ രോഗപ്പകര്‍ച്ചയോടൊപ്പം അണുബാധയുടെ ഭാഗമായി കണ്ണുകളില്‍ ചുവപ്പും, കണ്ണുകളില്‍ നിന്ന് ദ്രാവകം ഒഴുകുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഫേസ് ഷീല്‍ഡ്, കണ്ണുകള്‍ മൂടത്തക്ക വിധമുള്ള കണ്ണടകള്‍ എന്നിവ ധരിക്കുന്നത് അഭികാമ്യമാണ്.

ആര്‍ക്കെല്ലാം നേത്രം ദാനം ചെയ്യാന്‍ കഴിയും?
ഏതു പ്രായക്കാര്‍ക്കും മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാം. പ്രമേഹം രക്താദിസമ്മര്‍ദം, ആസ്ത്മ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും നേത്രം ദാനം ചെയ്യാവുന്നതാണ്.

ഈ നേത്രങ്ങള്‍ സ്വീകരിക്കില്ല
മഞ്ഞപ്പിത്തം, കാന്‍സര്‍, പേവിഷബാധ, എച്ച്.ഐ.വി. എന്നീ രോഗികളുടെയും രോഗകാരണം അറിയാതെ മരണപ്പെട്ടവരുടെയും നേത്രങ്ങള്‍ സ്വീകരിക്കുകയില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!