പാരിസ്: പാരിസ് ഒളിംപിക്സില്‍ 100 മീറ്റര്‍ പുരുഷവിഭാഗത്തില്‍ സ്വര്‍ണം നേടി യുഎസ് താരം നോഹ ലൈല്‍സ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 9.79 (9.784) സെക്കന്‍ഡില്‍ ഓടിയെത്തിയാണ് താരത്തിന്റെ സുവര്‍ണനേട്ടം. 9.79 (9.789) സെക്കന്‍ഡില്‍ ഓടിയെത്തിയ ജമൈക്കന്‍ താരം കിഷെയ്ന്‍ തോംസണ്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഇരുവരും 9.79 സെക്കന്റില്‍ ഫിനിഷ് ചെയ്തെങ്കിലും സെക്കന്റിന്റെ 1000ത്തില്‍ അഞ്ച് അംശത്തിലാണ് നോഹ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്.
ടോക്കിയോ ഒളിംപിക്സില്‍ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടിയ ഇറ്റാലിയന്‍ താരം മാര്‍സല്‍ ജേക്കബ്സ് ഇത്തവണ അഞ്ചാം സ്ഥാനത്തേയ്ക്ക് ഒതുങ്ങി. 9.85 സെക്കന്‍ഡിലാണ് താരം ഫിനിഷിംഗ് ലൈന്‍ പിന്നിട്ടത്. യുഎസിന്റെ തന്നെ ഫ്രഡ് കെര്‍ലിയാണ് 100 മീറ്ററില്‍ വെങ്കല മെഡല്‍ ജേതാവ്. 9.81 സെക്കന്റില്‍ താരം തന്റെ ഓട്ടമത്സരം പൂര്‍ത്തിയാക്കി.