നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു. കുഞ്ഞ് മരിച്ചു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.
ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതല്‍ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാന്‍ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ അവര്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടില്‍ തിരികെ എത്തിച്ചു.
കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം ബാല്‍ക്കണിയുടെ അഴികളില്‍ കയറി കുറച്ചു നേരം യുവതി നിന്നു. ബന്ധുക്കള്‍ പെട്ടെന്നെത്തി തടഞ്ഞതുകൊണ്ട് മറ്റൊരപടകം ഒഴിവായി. വീഴ്ചയില്‍ ഗുരുതരപരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
മകള്‍ക്ക് അസുഖമായതിനാല്‍ യുവതി ഏറെ ദുഃഖിതയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതി ദന്തരോഗവിദഗ്ധയും ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്. യുവതിയുടെ മാനസികനിലയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ശ്രീനിവാസ് ഗൗഡ പറഞ്ഞു.