പാലക്കാട് സ്ഥാപിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് ജില്ലയിലെ ആദിവാസികള്‍ക്ക് സഹായകമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്തെ പത്താമത്തെ പബ്ലിക് ഹെല്‍ത്ത് ലാബാണ് പാലക്കാട് സ്ഥാപിക്കുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം സ്ഥാപിക്കുന്ന നാലാമത്തെ പബ്ലിക് ഹെല്‍ത്ത് ലാബാണിതെന്നും മന്ത്രി പറഞ്ഞു.
ലാബ് തുടങ്ങി ആദ്യ ഘട്ടത്തില്‍ ക്ലിനിക്കല്‍ പത്തോളജി, ബയോകെമിസ്ട്രി, സീറോളജി എന്നീ വിഭാഗങ്ങളില്‍പ്പെട്ട പരിശോധനകളായിരിക്കും നടത്തുക. തുടര്‍ന്ന് സൈറ്റോളജി, ഹിസ്റ്റോ പത്തോളജി, കോവിഡ് പരിശോധന തുടങ്ങിയവയും ആരംഭിക്കും. ഡോക്ടര്‍മാര്‍, സയന്റിഫിക് ഓഫീസര്‍മാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിവരങ്ങുന്ന സംഘമായിരിക്കും ലാബിന് നേതൃത്വം നല്‍കുക.
പത്തനംതിട്ട, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് നേരത്തെ പബ്ലിക് ലാബ് സ്ഥാപിച്ചത്. 2019-’20 സാമ്പത്തിക വര്‍ഷത്തില്‍ 2 കോടി രൂപയാണ് ഈ ലാബിനായി വകയിരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറുടെ കുറുപ്പടിയുമായി എത്തുന്ന ഏതൊരാള്‍ക്കും പബ്ലിക് ഹെല്‍ത്ത് ലാബിന്റെ സേവനം ലഭ്യമാകുമെന്നും ഇതിന് ഒ.പി.യും ഐ.പി.യും ബാധകമല്ലെന്നും മന്ത്രി പറഞ്ഞു.

