മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് അഭിജിത്ത് മുഖര്‍ജി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നല്‍ഹാത്തിയില്‍നിന്നുള്ള എം.എല്‍.എയും ജംഗിപൂരില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ മുന്‍ എം.പിയുമായ അഭിജിത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ടി.എം.സി നേതൃത്വവുമായി ചര്‍ച്ച നടത്തിവരികയായിരുന്നു.
അഭിജിത്ത് മുഖര്‍ജി പാര്‍ട്ടി വിടുന്നു വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നായിരുന്നു അന്ന് വിഷയവുമായി ബന്ധപ്പെട്ട് അഭിജിത്ത് മുഖര്‍ജി പറഞ്ഞത്.
നേരത്തെ കൊല്‍ക്കത്തയില്‍ വിവാദമായ വ്യാജ വാക്‌സിനേഷന്‍ ക്യാമ്പുമായി ബന്ധപ്പെട്ട് അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെ മമത ബാനര്‍ജിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു അഭിജിത്ത് ബാനര്‍ജിയുടെ പ്രതികരണം.
ജംഗിപ്പുരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി അഭിജിത്ത് ബാനര്‍ജി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞാന്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ചേരാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്,’ എന്നാണ് ജൂണില്‍ അദ്ദേഹം പി.ടി.ഐ.യോട് പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വെച്ച് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അഭിജിത്ത് മുഖര്‍ജി, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്.
ജിതിന്‍ പ്രസാദയുമായി അടുത്ത ബന്ധമുള്ള നേതാവാണ് അഭിജിത്ത് മുഖര്‍ജി. ജംഗിപൂര്‍ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ ലോക്‌സഭാംഗമായി അഭിജിത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

