ഉദ്ഘാടനം കഴിഞ്ഞ് ഇന്നേക്ക് പത്ത് മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതിന്‍റെ മൂന്നിലൊന്ന് സൗജന്യ കണക്ഷൻ പോലും നൽകാനാകാതെ കെ ഫോൺ. വാണിജ്യ കണക്ഷൻ അടക്കം വരുമാന വര്‍ദ്ധനവിനേര്‍പ്പെടുത്തിയ സംവിധാനങ്ങൾക്കുമില്ല പ്രതീക്ഷിച്ച വേഗം. പ്രതിദിനം 1000 കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും പത്ത് മാസത്തിനിടെ നാളിതുവരെ നൽകിയത് വെറും 4102 കണക്ഷൻ മാത്രമാണ്. ഡാക് കേബിൾ വാടകയും പ്രതീക്ഷിച്ചതിന്‍റെ പകുതി മാത്രമാണ് കിട്ടുന്നത്.സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. അത് പിന്നെ ആദ്യഘട്ടത്തിൽ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തിൽ 100 പേർ എന്ന കണക്കിൽ 140 നിയോജക മണ്ഡലങ്ങളിൽ അത് കൊടുത്ത് തീര്‍ക്കാൻ പോലും കഴിഞ്ഞ പത്ത് മാസമായി കെ ഫോണിന് കഴിഞ്ഞിട്ടില്ല. കരാറെടുത്ത കേരളാ വിഷന്‍റെ വീഴ്ചയെന്ന് കെ ഫോണും കിട്ടിയ ലിസ്റ്റ് കെവൈസി ഒക്കുന്നത് പോലുമായിരുന്നില്ലെന്ന് കേരള വിഷനും പറയുന്നു. ഉദ്ഘാടന ദിവസം 2,105 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ കിട്ടിയെന്ന് അവകാശപ്പെട്ട കെ ഫോൺ ഇത് വരെ അധികം നൽകിയത് വെറും 3199 കണക്ഷൻ മാത്രമാണ്. 30438 സർക്കാർ ഓഫീസുകളിൽ ഇപ്പോഴും 21072 ഓഫീസുകളിൽ മാത്രമാണ് കെ ഫോൺ കണക്ഷൻ ഉള്ളത്. പദ്ധതി ചെലവും പരിപാലന തുകയും ഈ വര്‍ഷം മുതൽ കിഫ്ബി വായ്പ തിരിച്ചടവും അടക്കം ഭീമമായ തുക വേണം പിടിച്ച് നിൽക്കാൻ. താരിഫ് നിശ്ചയിച്ച് പ്രതിദിനം ആയിരം വാണിജ്യ കണക്ഷൻ നൽകി തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പത്ത് മാസം കൊണ്ട് ഇത് വരെ ആകെ കൊടുത്തത് 4102 എണ്ണം മാത്രം. ഇന്റര്‍നെറ്റ് ഉപഭോഗം കൂടുതലുള്ള 3000 വൻകിട സ്ഥാപനങ്ങൾ ഉദ്ദേശിച്ചതിൽ 36 എണ്ണം മാത്രമാണ് ഇപ്പോഴും കെ ഫോണിന്‍റെ ലിസ്റ്റിലുള്ളത്. 30,000 കിലോ മീറ്ററിൽ സംസ്ഥാനത്ത് സജ്ജമാക്കിയ ഒപ്റ്റിക്കൽ ഫൈബര്‍ നെറ്റ്‍വര്‍ക്ക് ശൃംഖലയിൽ 78000 കിലോ മീറ്ററെങ്കിലും വാടകയ്ക്ക് നൽകാനാകുമെന്നായിരുന്നു കെഫോൺ പറഞ്ഞിരുന്നത്. കിലോ മീറ്ററിന് ചുരുങ്ങിയത് 20000 രൂപ വാടക കിട്ടുമെന്നും. ശരാശരി 10000 രൂപ നിരക്കിൽ 3100 കിലോമീറ്റർ കേബിൾ മാത്രമെ ഇത് വരെ വാടകക്ക് നൽകാൻ ആയിട്ടുള്ളു.