ഗാന്ധി വധത്തെ തുടർന്ന് ആർ എസ് എസിനെ നിരോധിച്ചതും ഗാന്ധിയോട് ഹിന്ദു തീവ്രവാദികൾക്ക് വെറുപ്പായിരുന്നു എന്ന ഭാഗവും ഒഴിവാക്കി പാഠപുസ്തകം. പന്ത്രണ്ടാം ക്ളാസ്സിലേക്കുള്ള NCERT പുസ്തകത്തിൽ നിന്നാണ് പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നത്.
ഈ ഭാഗങ്ങൾ കഴിഞ്ഞ 15 വർഷങ്ങളായി രാഷ്ട്രമീമാംസ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗാന്ധി ഘാതകനായ ഗോഡ്‌സെ പൂനയിൽ നിന്നുള്ള ബ്രാഹ്മണനായിരുന്നു എന്ന പരാമർശവും നീക്കം ചെയ്തിട്ടുണ്ട്.
പഠഭാഗങ്ങൾ നീക്കം ചെയ്യുമ്പോൾ NCERT പുറത്തിറക്കാറുള്ള കുറിപ്പിൽ പക്ഷെ ഇതേ സംബന്ധിച്ച് ഒരു പരാമർശവുമില്ല. ‘ദ ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നേരത്തെ NCERT പാഠ പുസ്തകത്തിൽ നിന്നും മുഗൾ രാജവംശത്തെ കുറിച്ചുള്ള ഭാഗങ്ങൾ ഉത്തർപ്രദേശ് സർക്കാർ നീക്കം ചെയ്തത് വിവാദമായിരുന്നു.
നീക്കം ചെയ്ത ഭാഗങ്ങൾ
” പാക്കിസ്ഥാൻ മുസ്ളീം രാഷ്ട്രമായതു പോലെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ആഗ്രഹിച്ചവർ ഗാന്ധിജിയെ വെറുത്തിരുന്നു. ഹിന്ദു-മുസ്ളീം മൈത്രിക്കായുള്ള ഗാന്ധിജിയുടെ ശ്രമങ്ങൾ ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചിരുന്നു. അവർ പല തവണ ഗാന്ധിയെ വധിക്കാൻ ശ്രമിച്ചു. ഗാന്ധി വധത്തിനു ശേഷം ആർ എസ് എസ് അടക്കം പല സംഘടനകളേയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.”

