യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അതിവേഗം തുടരുന്നു. യുക്രൈനിയന്‍ നഗരങ്ങളായ മരിയുപോള്‍, വോള്‍നോവാഖ എന്നിവിടങ്ങളിലാണ് നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും വെടിനിര്‍ത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സുമിയിലും വെടിനിര്‍ത്തല്‍ വേണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സുമിയിലെ വിദ്യാര്‍ഥികളോട് ബങ്കറുകളില്‍ തന്നെ കഴിയാനാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. അപകടകരമായ നടപടികള്‍ക്ക് മുതിരരുതെന്ന് വിദ്യാര്‍ഥികളോട് വിദേശകാര്യ വക്താവ് പറഞ്ഞു. സുമിയിലെ കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും സുരക്ഷിത പാതയൊരുക്കാന്‍ റഷ്യയുമായും യുക്രൈനുമായും ചര്‍ച്ച തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി