ഗസ്റ്റ് ലക്ചറർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ ഫെബ്രുവരി 11 നു മുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ ഇന്റർവ്യൂ ബോർഡ് പരിശോധിച്ചതിന് ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി നിയമനം നടത്തും.
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യർഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
കേരളത്തിൽ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തിൽ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തേണ്ടതുമാണ്. കോവിഡ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കണം.
വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്തും. എയർലൈൻ ജീവനക്കാരാണ് ഇവരെ കണ്ടെത്തതി നൽകേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കും.
അന്താരാഷ്ട്ര യാത്രക്കാർ സംസ്ഥാനത്ത് എത്തിച്ചേരുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. ഇവർ ഈ കാലയളവിൽ അടച്ചിട്ട ഇടങ്ങളിൽ ഒത്തുകൂടുന്നതും ആൾക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണം.
കോവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി അയയ്ക്കും. കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്യും. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.
റിമോട്ട് സെൻസിങ് ആൻഡ് ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം വെബിനാർ
കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ റിമോട്ട് സെൻസിങ് ആൻഡ് ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം എന്ന വിഷയത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴു മുതൽ 10 വരെ രാവിലെ 11.30 മുതൽ 12.30 വരെയാണു വെബിനാർ നടക്കുന്നത്. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, വിവിധ സർവകലാശാലകൾ, സ്ഥാപനങ്ങൾ, കോളജുകൾ, കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, ഗവേഷകർ തുടങ്ങിയവർക്കും ഈ വിഷയത്തിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ https://zoom.us/webinar/register/WN_pJlViICHScKS6O28abo_bg എന്ന ലിങ്ക് മുഖേന പങ്കെടുക്കാം. khri.org/webinars എന്ന ലിങ്കിൽ യുട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെയും വെബിനാറിൽ പങ്കെടുക്കാം.
താത്കാലിക സീനിയോരിറ്റി ലിസ്റ്റ്
പൊതുമരാമത്തു വകുപ്പിൽ 01.01.2020 മുതൽ 31.12.2021 വരെ ഹെഡ് ക്ലർക്കുമാരായി സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pwd.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഒഡെപെക്ക് മുഖേന ഐ.ഇ.എൽ.ടി.എസ്
വിദേശ രാജ്യങ്ങളിൽ ജോലി നേടുന്നതിനോ പഠിക്കുവാനോ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഐ.ഇ.എൽ.ടി.എസ് പരീശീലനം ഓൺലൈനായും/ഓഫ്ലൈനായും നൽകും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ലോ training@odepc.in ലോ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepcskills.in, 8606550701, 8086112315, 7306289397, 0471 2329441.
വെർച്വൽ ഐ.ടി കേഡർ, റീജണൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ വെർച്വൽ ഐ.ടി. കേഡറിന്റെയും കോഴിക്കോട് പണികഴിഞ്ഞ റീജണൽ ഐ.ടി. ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ഏഴിന് രാവിലെ 10 ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനിൽ നിർവഹിക്കും.
വകുപ്പിലെ ഇ-ഗവർണൻസ് പദ്ധതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതുതായി വെർച്വൽ ഐ.ടി കേഡർ രൂപീകരിച്ചത്. ജീവനക്കാർക്കിടയിൽ ഐ.ടി പരിജഞാനവും, അഭിരുചിയുമുള്ളവരെയാണ് വെർച്വൽ ഐ .ടി കേഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ.ടി കേഡറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഐ.ടി. മിഷന്റെ മേൽനോട്ടത്തിൽ കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ വിദഗ്ദ്ധ പരിശീലനം നൽകും.
ചരക്ക് സേവന നികുതി വകുപ്പിന്റെ കോഴിക്കോട് നികുതി കോംപ്ലക്സിലാണ് പുതിയ റീജണൽ ഐ.ടി. പരിശീലന കേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതി വകുപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ പരിശീലന കേന്ദ്രമാണ് കോഴിക്കോട് സ്ഥാപിച്ചത്. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് പരിശീലന കേന്ദ്രം ഉള്ളത്. ഇതോടെ വടക്കൻ കേരളത്തിലെ ജീവനക്കാരുടെ പരിശീലനം കോഴിക്കോട് സെന്ററിൽ നടത്താനാകും.
ചടങ്ങിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് അദ്ധ്യക്ഷനായിരിക്കും. നികുതി വകുപ്പ് കമ്മിഷണർ രത്തൻ ഖേൽക്കർ സ്വാഗതം പറയും. നികുതി വകുപ്പ് സ്പെഷ്യൽ കമ്മിഷണർ കെ. മുഹമ്മദ് വൈ. സഫിറുള്ള, നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ എബ്രഹാം റെൻ .എസ്, കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സജി ഗോപിനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അപായ സൂചനകൾ തോന്നുന്നോ: വിളിക്കാം ഇ സഞ്ജീവനി ഡോക്ടർമാരെ
*24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാൽ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നിൽ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഒപിയിൽ പകൽ സമയം 15 മുതൽ 20 ഡോക്ടർമാരേയും രാത്രികാലങ്ങളിൽ നാലു ഡോക്ടർമാരേയും നിയമിച്ചിട്ടുണ്ട്. ഒരു മിനിറ്റിൽ താഴെയാണ് കാത്തിരിപ്പ് സമയം. രോഗികൾ കൂടുകയാണെങ്കിൽ അതനുസരിച്ച് ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഗൃഹ പരിചരണത്തിൽ ഇരിക്കുമ്പോൾ അപായ സൂചനകൾ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആപത്താണ്. ശ്വാസംമുട്ടൽ, നെഞ്ചിടിപ്പ് കൂടുക, നെഞ്ചുവേദന, സംസാരിക്കാൻ പ്രയാസം, കാലിൽ നീര്, അബോധാവസ്ഥ, ഓർമ്മ ക്കുറവ്, അമിത ക്ഷീണം, ഉണർന്നെഴുന്നേൽക്കാൻ പ്രയാസം തുടങ്ങിയവയാണ് അപായ സൂചനകൾ. പലർക്കും അപായ സൂചനകളെ പറ്റി സംശയമുണ്ടാകാം. അന്നേരം രോഗിക്കോ, രോഗിക്ക് നേരിട്ട് സംസാരിക്കാൻ പ്രയാസമുണ്ടെങ്കിൽ രോഗിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് മറ്റൊരാൾക്കോ ഇ സഞ്ജീവനി ഡോക്ടറോട് സംസാരിക്കാവുന്നതാണ്.
ഇതുവരെ മൂന്നര ലക്ഷത്തോളം പേർക്കാണ് ഇ സഞ്ജീവനി വഴി സേവനം ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 18,000ത്തിലധികം പേരാണ് കോവിഡ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്. ഒരുദിവസം ശരാശരി 1000മുതൽ 1500 പേർക്കാണ് സേവനം നൽകിയത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് 800 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന ജനറൽ ഒപിയിൽ ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. 6 മിനിറ്റ് 15 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 58 സെക്കന്റായി കുറക്കാൻ ഇ സഞ്ജീവനിയിൽ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഡോക്ടർ ടു ഡോക്ടർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
പെന്ഷന് ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് മുഖേന പെന്ഷന് ലഭിക്കുന്ന ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ വരെ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതും പെന്ഷന് അര്‍ഹതയുള്ളവരുമായ ഗുണഭോക്താക്കള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനും കിടപ്പുരോഗികളായ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിനും ഫെബ്രുവരി 20 വരെ സമയം അനുവദിച്ചു. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ക്ഷേമപദ്ധതി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാം.
‘ മണിനാദം 2022 ‘ നാടന്‍ പാട്ട് മത്സരം
ചലച്ചിത്ര നടനും നാടന്‍ പാട്ട് കലാകാരനുമായിരുന്ന
കലാഭവന്‍മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് ‘മണിനാദം ‘ എന്ന പേരില്‍ ജില്ലാതല നാടന്‍ പാട്ട് മത്സരം
സംഘടിപ്പിക്കുന്നു. യൂത്ത് ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. ഒരു ടീമിൽ പരമാവധി 10 പേരെ അനുവദിക്കും. അംഗങ്ങളുടെ പ്രായം 18 നും 40 നും ഇടയില്‍ ആയിരിക്കണം. പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ് മ്യൂസിക്ക് പാടില്ല. 10 മിനുട്ട് ദൈര്‍ഘ്യമുള്ള നാടന്‍ പാട്ടുകളുടെ വീഡിയോ എംപി 4 സൈസിൽ ഒരു ജി.ബി ക്കുള്ളില് റെക്കോര്‍ഡ് ചെയ്ത് ജില്ലാ യുവ ജനകേന്ദ്രം കോഴിക്കോട് ഓഫീസില്‍ ഫെബ്രുവരി പതിനഞ്ചിനകം നേരിട്ട് ലഭ്യമാക്കണം. ക്ലബ്ബിന്റെ പേര്, വിലാസം ,ഫോണ്‍ നമ്പര്‍ എന്നിവയും വീഡിയോക്കൊപ്പം സമര്‍പ്പിക്കണം. വീഡിയോയുടെ
പശ്ചാത്തലത്തില്‍ ‘കേരള സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് മണി നാദം 2022’ എന്നു രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. മത്സരത്തില്‍ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 25,000,
10,000, 5,000 രൂപ വീതം ലഭിക്കും. വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും
ജില്ലാ യുവജനകേന്ദ്രം,സിവില്സ്റ്റേഷന്, ബി –
ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തിലോ ബന്ധപ്പെടാം. ഫോൺ:9605098243, 8138898124 .
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെക്ഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി പതിനഞ്ച് വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. ആറു മാസമാണ് പ്രോഗ്രാമിന്റെ ദൈര്‍ഘ്യം. അപേക്ഷ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര് സി ഓഫീസില്‍ ലഭിക്കും. വിലാസം : ഡയറക്ടര്‍ ,സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ , നന്ദാവനം, വികാസ്ഭവന്‍ പി, ഒ , തിരുവന്തപുരം -33, ഫോണ്‍ : 04712325101, www.srccc.in ലും വിശദവിവരം ലഭിക്കും. കോഴിക്കോട് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍:
സെന്റര്‍ ഫോര്‍ സന്‍സ്കാര്‍ റീ എഞ്ചിനീയറിംഗ് ഏറമ്പലം 9447276815 7012649185, ഭാരതീയ വിദ്യാ സംസ്ഥാപന പീഠം വടകര 9846807054, ഹ്യൂമന്‍ റിസോഴ്സ് ഡവലപ്പ്മെന്റ് സെന്റര്‍ ബാലുശ്ശേരി 9846634678.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ക്ലാസ് മുറികള്‍, ലാബുകള്‍ എന്നിവ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ചെയ്യാന്‍ സീലിംഗ് ഫാന്‍, വോള്‍ ഫാന്‍, പെഡസ്ട്രല്‍ ഫാന്‍, എക്സ് ഹോസ്റ്റ് ഫാന്‍, ഫാന്‍ കപ്പാസിറ്റര്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 19 ന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരക്ക് ക്വട്ടേഷന്‍ തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.geckkd.ac.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടുക. ഫോണ്‍ : 0495 2383220, 0495 2383210.
റേഷന്‍ വിതരണം
കോഴിക്കോട് താലൂക്കിലെ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചു. എ എ വൈ കാര്‍ഡിന് 10 കിലോ പച്ചരി, 6 കിലോ കുത്തരി ,14 കിലോ പുഴുങ്ങലരി, ഒരു പാക്കറ്റ് ആട്ട, 4 കിലോ ഗോതമ്പ് വീതം ലഭിക്കും. മുന്‍ഗണന കാര്‍ഡില്‍ ആളൊന്നിന് 2കിലോ പച്ചരി, 2 കിലോ പുഴുങ്ങലരി, 1 കിലോ ഗോതമ്പ് ,കാര്‍ഡ് ഒന്നിന് 1 പാക്കറ്റ് ആട്ട, എന്നിവ ലഭിക്കും. എന്‍പിഎസ് കാര്‍ഡില്‍ (നീല കാര്‍ഡ്) ആളൊന്നിന് 1 കിലോ പച്ചരി, 1 കിലോ പുഴുങ്ങലരി എന്നിവയും ലഭ്യതക്കനുസരിച്ച് കാര്‍ഡിന് 3 കിലോ വരെ ആട്ടയും ലഭിക്കും. എൻ.പി.എസ്.എസ് (വെള്ള കാർഡ്) കാർഡ് ഒന്നിന് 3 കിലോ പച്ചരി, 4 കിലോ പുഴുങ്ങലരി എന്നിവയും ആട്ട ലഭ്യതക്കനുസരിച്ച് 3 കിലോ വരെയും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം എ എ വൈ കാര്‍ഡിന് ( മഞ്ഞ) ആളൊന്നിന് 4 കിലോ പുഴുക്കലരിയും 1 കിലോ ഗോതമ്പും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം പി.എച്ച്.എച്ച് കാര്‍ഡിന് 3 കിലോ പുഴുക്കലരിയും 1 കിലോ പച്ചരിയും 1 കിലോ ഗോതമ്പും ലഭിക്കും.
എസ്എസ്എല്‍സി ലവൽ പ്രിലിമിനറി പരീക്ഷ പരീശിലനം
പി.എസ്.സി. നടത്തുന്ന എസ്എസ്എല്‍സി ലവൽ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫിബ്രവരി 10 ന് മുമ്പ് പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഫോൺ: 0495-2376179.
ഗതാഗതം നിരോധിച്ചു
മങ്കയം- പുഷ്പഗിരി റോഡില്‍ നവീകരണം നടക്കുന്നതിനാല്‍ ഫെബ്രുവരി 7 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ തിരുവമ്പാടി- കൂടരഞ്ഞി- കൂമ്പാറ- തോട്ടുമുക്കം റോഡ് വഴിയും കൂടരഞ്ഞി- മങ്കയം- മരംചാട്ടി വഴിയും പോകണം.

