ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തു.
കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. എറണാകുളം മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളികളില്‍ വ്യവസായശാലകള്‍ക്ക് പുറമെ വാഹന – ഗാര്‍ഹിക വാതക വിതരണത്തിനുള്ള സാധ്യതക്ക് കൂടിയാണ് ഇതോടെ വഴിതുറക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പങ്കെടുത്തു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്റ്റേഷനാനായിരുന്നു ഉദ്ഘാടന വേദി.
വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ജനവാസമേഖലയിലൂടെയുള്ള പൈപ്പിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തില്‍ പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തിയിരുന്നു.
വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങള്‍ക്കും,വാഹനങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്ട് ( FACT ), ബിപിസിഎല്‍ (BPCL), മംഗളൂരു കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നീ കമ്പനികള്‍ക്ക് ആദ്യഘട്ടത്തില്‍ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മുഴുവന്‍ ജില്ലകളിലും ടാപ് ഓഫ് സ്റ്റേഷന്‍ ഉള്‍പ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങള്‍ക്കും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം.
ഏറെ ശ്രമകരമായിരുന്ന പൈപ്പിടല്‍ പൂര്‍ത്തിയാക്കിയത് ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ആണ്. ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല അദാനി ഗ്യാസ് ലിമിറ്റഡിനും. കൊച്ചിയില്‍ നിന്ന് പാലക്കാട് കൂറ്റനാട് വരെയുള്ള 90കിലോമീറ്റര്‍ 2019ല്‍ കമ്മീഷന്‍ ചെയ്തിരുന്നു. പ്രധാന ജംഗ്ഷനായ കൂറ്റനാട് നിന്നാണ് 354 കിലോമീറ്റര്‍ ദൂരത്തുള്ള മംഗളൂരുവിലേക്കും, 525 കിലോമീറ്റര്‍ ദൂരത്തുള്ള ബെംഗളൂരുവിലേക്കും പൈപ്പ് ലൈന്‍ തുടങ്ങുന്നത്.