ദോഹ: നാലാം വർഷത്തിലേക്ക് കടന്ന ഖത്തർ ഉപരോധം തീരുന്നു. ഇതുസംബന്ധിച്ച കരാർ ഒപ്പിടലും അന്തിമപ്രഖ്യാപനവും ഇന്ന് സൗദിയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ ഉണ്ടാകും. ‘അൽ ഉല’ പ്രഖ്യാപനം എന്നായിരിക്കും ഇത് അറിയപ്പെടുക. ഉച്ചകോടി നടക്കുന്ന സൗദിയിലെ സ്ഥലമാണ് അൽ ഉല.
2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കരവ്യോമകടൽ ഉപരോധം തുടങ്ങിയത്. ഗൾഫ്മേഖലയിൽ ഏറെ അസ്വാരസ്യങ്ങൾക്കും വേദനകൾക്കും ഇടവെച്ച ഉപരോധത്തിനാണ് ചൊവ്വാഴ്ചയോടെ പരിഹാരമാകുന്നത്.
ഇന്നലെ രാത്രി തന്നെ സൗദി അതിർത്തിയായ അബൂ സംറ തുറന്നിരുന്നു. ബാരിക്കേഡുകൾ അടക്കം എടുത്തുമാറ്റിയിട്ടുണ്ട്. കുവൈത്ത് അമീർ, ഖത്തർ അമീറുമായും സൗദി കിരീടാവകാശിയുമായും രണ്ട് തവണ ഇക്കാര്യം സംബന്ധിച്ച് ഫോണിൽ സംസാരിച്ചതിന് ശേഷമാണ് അന്തിമതീരുമാനത്തിലേക്കെത്തിയത്. അൽ ഉല പ്രഖ്യാപനത്തിൽ ഇരുരാഷ്ട്രത്തലവൻമാരും ഒപ്പിടുന്നതുസംബന്ധിച്ചും കുവൈത്ത് അമീർ ഇരുവരോടും സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും കരവ്യോമകടൽ അതിർത്തികൾ തുറക്കുക എന്നതാണ് കരാർ.
തുടക്കം മുതലേ കുവൈത്തിൻെറ മധ്യസ്ഥതയിൽ നടക്കുന്ന ശ്രമങ്ങളാണ് വിജയത്തിൽ എത്തിയിരിക്കുന്നത്. ട്രംപിൻെറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ അടുത്തിടെ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ് പരിഹാരനടപടികൾ ത്വരിതഗതിയിലായത്. അധികാരമൊഴിയുന്നതിന് മുേമ്പ പ്രതിസന്ധി പരിഹരിച്ച് തങ്ങളുടെയും ഇസ്രായേലിൻെറയും ഇറാൻ വിരുദ്ധ നിലപാടുകൾക്ക് കൂടുതൽ സാഹചര്യമൊരുക്കുകയാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്നത്.
ഉപരോധവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികളാണ്. ഖത്തറിലാണ് മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമുള്ളത്. യു.എസ് നേവിയുടെ അഞ്ചാമത് ഫ്ലീറ്റ് ബഹ്റൈൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. സൗദിയിലും യു.എ.ഇ.യിലും യു.എസ് താവളങ്ങളുണ്ട്. ഗൾഫ്പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണച്ചിരുന്നു. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാരനടപടികൾ നേരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്.

