ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ആയതിനാൽ മൂന്ന് ജില്ലകളിൽ നിന്നായി 54,008 പേരെ മാറ്റിപ്പാർപ്പിച്ചു. ശ്രീകാകുളം ജില്ലയിൽ നിന്ന് 15,755 പേരെയും വിജയനഗരത്ത് നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയുമാണ് രക്ഷാ സംഘം ഒഴിപ്പിച്ചത്.
ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്.
ശക്തമായ മഴ പ്രവചിക്കപ്പെട്ടതിനാൽ ആന്ധ്രാപ്രദേശിലെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം എന്നീ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്മേഹൻ റെഡ്ഡി നിർദ്ദേശം നൽകി. ഈ മൂന്ന് ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ചുഴലിക്കാറ്റ് സാധ്യതയുള്ള ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, ഈസ്റ്റ്, വെസ്റ്റ് ഗോദാവരി ജില്ലകളിലെ കളക്ടർമാരുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ് മോഹൻ റെഡ്ഡി അവലോകന യോഗം നടത്തി. തീരദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ 197 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതിൽ 79 ദുരിതാശ്വാസ ക്യാമ്പുകൾ ശ്രീകാകുളത്തും 54 ദുരിതാശ്വാസ ക്യാമ്പുകൾ വിജയനഗരത്തും 64 എണ്ണം വിശാഖപട്ടണത്തുമാണ്.
കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ ചുഴലിക്കാറ്റ് ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടുമെന്നുംപറയുന്നു. ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വരെ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയിൽ തിരിച്ചെത്തുകയും നാളെയോടെ പുരി തീരത്ത് എത്തുകയും ചെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) പതിനൊന്ന് ടീമുകൾ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) അഞ്ച് ടീമുകൾ, കോസ്റ്റ് ഗാർഡിന്റെ ആറ് ടീമുകൾ, മറൈൻ പോലീസിന്റെ 10 ടീമുകൾ എന്നിവയെ സ്ഥിതിഗതികൾ നേരിടാൻ വിന്യസിച്ചിട്ടുണ്ട്.വില്ലേജ് സെക്രട്ടറിമാരും ജില്ലാ കളക്‌ടറേറ്റുകളും അതീവ ജാഗ്രതയിൽ തുടരുകയും രാത്രി മുഴുവൻ പ്രവർത്തിക്കുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പവർ ബാക്ക് അപ്പ് ഉറപ്പാക്കാൻ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

