കോഴിക്കോട്: ബൈക്കിൽ കടത്തുകയായിരുന്ന ഏഴ് കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡൻസാഫ്) കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. കോഴിക്കോട് പാളയത്തു നിന്നാണ് ഇന്നലെ പുലർച്ചെ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് കസബ സബ്ബ് ഇൻസ്പെക്ടർ സിജിത്തും സംഘവും പിടികൂടിയത്.കാസർഗോഡ് കുമ്പള സ്വദേശികളായ ജലാൽ മൻസിലിൽ ജലാൽ (19 വയസ്സ്) ബത്തേരി വീട്ടിൽ ഉമ്മർ (27 വയസ്സ്)എന്നിവരാണ് വാഹന പരിശോധനയിൽ പോലീസ് പിടിയിലായത്. പ്രതി സഞ്ചരിച്ച ബൈക്കും, കൈവശമുണ്ടായിരുന്ന 7.100 കിലോ ഗ്രാം കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.ഇടപാടുകാർക്കായി കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് പോലീസ് പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 5 ലക്ഷത്തോളം രൂപ വിലവരും.
കോഴിക്കോട് സിറ്റി ജില്ല ഡെപ്യൂട്ടി പോലീസ് മേധാവി സുജിത്ത് ദാസ് IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ എസി പി സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഡൻസാഫ് ശക്തമായ പരിശോധന നടത്തി വരികയാണ്.കഴിഞ്ഞ മാസം 125 കിലോയോളം കഞ്ചാവുമായി ചാത്തമംഗലം സ്വദേശി പിടിയിലായിരുന്നു.
കഞ്ചാവ് മൊത്തം വില്പനക്കാരനായ കാസർഗോഡ് സ്വദേശിയിൽനിന്നും വാങ്ങി കോഴിക്കോട്ടേക്ക് ബൈക്കിൽ കടത്തി കൊണ്ടുവന്ന് വില്പന നടത്തി തിരിച്ചു പോകാറാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് പറഞ്ഞു. കാസർഗോട്ടെ മൊത്തം വില്പനകാരനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അയാൾക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്നും നാർക്കോട്ടി ക്ക് സെൽ എ.സി.പി സുനിൽ കുമാർ പറഞ്ഞു.
കസബ പോലീസ് സ്റ്റേഷനിലെ എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ അഷ്റഫ്, സിനിയർ സി.പി.ഒ സുധർമ്മൻ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ എം.മുഹമ്മദ് ഷാഫി, എം.സജി, സീനിയർ സി.പി.ഒമാരായ കെ.അഖിലേഷ്, കെ.എ.ജോമോൻ, എം.ജിനേഷ്, എ.വി സുമേഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.