യു.എസ്. പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കൃത്യമായ പക്ഷമില്ലാത്ത നിർണായക സംസ്ഥാനങ്ങളിൽ (സ്വിങ് സ്റ്റേറ്റുകൾ) അന്തിമപ്രചാരണം നടത്തുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും. അതേസമയം, തിരഞ്ഞെടുപ്പനന്തരം ഉണ്ടാകാനിടയുള്ള കുഴപ്പങ്ങൾ നേരിടാൻ ആ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും തയ്യാറെടുക്കുന്നുണ്ട്. സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്കിടയിൽ കലാപത്തെവരെ നേരിടാൻ അവർ സജ്ജരാണ്.
മുൻപില്ലാത്തവണ്ണം വോട്ടർമാരിൽ പകുതിയോളംപേരും മുൻകൂർ വോട്ടിങ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച പകുതിയായപ്പോഴേക്കും 6.8 കോടിപ്പേർ വോട്ടുചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ടെക്സസിലെ റൗണ്ട് റോക്ക് പട്ടണത്തിലെ ഒരു ചെറിയ പ്രദേശത്തുപോലും 26,000 പേർ മുൻകൂർ വോട്ടുചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, നീണ്ട വരികളും ഇതുമൂലമുണ്ടാകുന്ന കാലതാമസവും തിരഞ്ഞെടുപ്പ് ദിവസം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
യു.എസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഒരു നിർണായക മുഹൂർത്തമാണ്. കാരണം കക്ഷിരാഷ്ട്രീയത്താൽ മാത്രമല്ല ഇരുചേരികൾ രൂപപ്പെട്ടിരിക്കുന്നത്. ലിംഗഭേദവും കുടിയേറ്റവും പശ്ചിമേഷ്യാസംഘർഷം പോലുള്ള ആഗോളപ്രശ്നങ്ങളും അതിനു കാരണമാണ്. സാധാരണയായി രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ സംബന്ധിച്ച ആശങ്കകളാണ് വോട്ടർമാരുടെ തീരുമാനത്തെ നിർണയിച്ചിരുന്നത്. എന്നാൽ, സ്വത്വം, ലിംഗസമത്വം, കുടിയേറ്റ പരിഷ്കരണം എന്നിവയാണ് ജനവിഭാഗങ്ങളെ സ്വാധീനിക്കുന്നത്.
അമേരിക്ക ഒരു വനിതാ പ്രസിഡന്റിന് സജ്ജമാണ് എന്നു പ്രസ്താവിച്ചുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമലാ ഹാരിസ്. ട്രംപാകട്ടെ ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കു’മെന്ന പ്രഖ്യാപനവുമായി, കുടിയേറ്റത്തിനെതിരേ കർശനനിലപാടുകളോടെ കൂട്ട നാടുകടത്തലുൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. ഫലം പുറത്തുവരുമ്പോൾ മറനീക്കാൻ സാധ്യതയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, ഡിജിറ്റലി പ്രചരിക്കാനിടയുള്ള തെറ്റായ വിവരങ്ങൾ, സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നതിനാൽ അവയെ നേരിടാനും ഇരുപാർട്ടികളും തയ്യാറെടുക്കുന്നു.
സ്വിങ് സ്റ്റേറ്റുകളിൽ സുരക്ഷയ്ക്കാണ് മുൻഗണന. ഫിലഡൽഫിയയിൽ വോട്ടെണ്ണൽസ്ഥലം മുള്ളുവേലികെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. ഡിട്രോയിറ്റും അറ്റ്‌ലാന്റയും തിരഞ്ഞെടുപ്പ് ഓഫീസുകളിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിച്ചു. അരിസോണയുടെ സൈബർ ഡിവിഷൻ, സംശയം ജനിപ്പിക്കുന്ന ഡീപ്ഫേക്ക് വീഡിയോ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഭീഷണികളെ സജീവമായി നേരിടുന്നു.
വിദേശ ഇടപെടലിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. റഷ്യയുമായി ബന്ധപ്പെട്ട സൈബർ ആക്രമണങ്ങളും തെറ്റായ വിവരപ്രചാരണങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനാൽ സർക്കാർ ഏജൻസികൾ അതിജാഗ്രതയിലാണ്. പെൻസിൽവേനിയയിൽ, തപാൽ ബാലറ്റുകൾ നശിപ്പിച്ചതായി കാണിക്കുന്ന ഒരു വീഡിയോ കൃത്രിമമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ അറിയിച്ചിരിന്നു -വ്യാജപ്രചാരണത്തിനുപിന്നിൽ റഷ്യയാണെന്നാണ് പറയുന്നത്.
അഭിപ്രായ വോട്ടെടുപ്പുകളും മുൻകൂർവോട്ടിങ് തരംഗവും ഡെമോക്രാറ്റിക് പാർട്ടിയെ ആവേശത്തിലാക്കുമ്പോൾ ഭരണവിരുദ്ധവികാരത്തിന്റെ ആത്മവിശ്വാസത്തിലാണ് ട്രംപ് വിഭാഗം, സ്വിങ് സ്റ്റേറ്റുകളും തങ്ങൾക്ക് അനുകൂലമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എണ്ണത്തിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ മുൻവർഷത്തെപ്പോലെ അട്ടിമറി ആരോപണവുമായി റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്താൻ സാധ്യതയുണ്ട്.
റെക്കോഡ് പോളിങും ഉയർന്ന സുരക്ഷയും തീവ്രമായ വാദപ്രതിവാദങ്ങളുമുള്ളതിനാൽ 2024-ലെ തിരഞ്ഞെടുപ്പ് ആധുനിക അമേരിക്കൻ ചരിത്രത്തിൽ സുപ്രധാനമായ ഏടാകും.