പാകിസ്ഥാൻ: ഇമ്രാൻ ഖാൻറെ കാലിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തു. എന്നാൽ വെടിയുണ്ടയേറ്റ് കാലിലെ എല്ലിന് പൊട്ടലുണ്ടെന്നും എങ്കിലും പരിക്ക് ഗുരുതരമല്ലെന്നും ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിൻറെ ശാരീരിക പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാണെന്നും അറിയിപ്പിൽ പറയുന്നു. എങ്കിലും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇമ്രാൻ ഖാൻറെ ബ്ലഡ് പ്രഷർ നിയന്ത്രണ വിധേയമാണെന്നും ഡോ ഹൈസൽ സുൽത്താൻ അറിയിച്ചു. ഡോ. ഫൈസൽ സുൽത്താൻറെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇമ്രാൻ ഖാൻറെ ചികിത്സ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയുടെ മുൻ സ്പെഷ്യൽ അസിസ്റ്റൻറായിരുന്നു ഡോ.ഫൈസൽ സുൽത്താൻ.
ഇതിനിടെ ഇമ്രാൻ ഖാന് വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിൻറെ അനുയായികൾ പ്രാർത്ഥനകൾ ആരംഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായാണ് പ്രാർത്ഥനകൾ നടക്കുന്നത്. അതോടൊപ്പം രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങളും രൂപപ്പെട്ടു. ഇമ്രാൻ ഖാനെ ചികിത്സിക്കുന്ന ആശുപത്രിയിൽ അദ്ദേഹത്തിൻറെ അനുയായികളെ നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർ പാടുപെടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്രാൻ ഖാൻറെ തെഹ്‍രിക്-ഇ-ഇൻസാഫ് പാർട്ടി കഴിഞ്ഞ വെള്ളിയാഴ്ച ലോഹോറിൽ നിന്ന് ‘ഹഖിഖി ആസാദി’ മാർച്ച് ആരംഭിച്ചത്. മാർച്ചിൻറെ തുടക്കം മുതൽ പ്രശ്നങ്ങളായിരുന്നു. കഴിഞ്ഞ 30 -ാം തിയതി ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും അഭിമുഖം നടത്തുന്നതിനിടെ ചാനൽ 5 വിൻറെ റിപ്പോർട്ടർ സദഫ് നയിം താഴെ വീണ് വാഹനത്തിന് അടിയിൽപ്പട്ട് മരിച്ചിരുന്നു. ഇതേ തുടർന്ന് ലോംഗ് മാർച്ച് ഒരു ദിവസം നിർത്തി വച്ച ശേഷം പുനരാരംഭിച്ചതിന് പിന്നാലെയാണ് ഇമ്രാൻ ഖാന് വെടിയേറ്റത്. വെടിവയ്പ്പിൽ രണ്ട് പേർക്ക് പങ്കാളിത്തമുണ്ടെന്നും ഇതിൽ ഒരാളെ കീഴ്പ്പെടുത്തിയപ്പോൾ മറ്റേയാൾ ആളുകൾക്കൂട്ടത്തിൽ രക്ഷപ്പെട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.