ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണ് വന്നതെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവുമാണെന്ന് മോദി പറഞ്ഞു.
ഇന്ന് രാവിലെയാണ് മോദി ജമ്മു കാശ്മീരിൽ എത്തിയത്. ശ്രീനഗറിൽ എത്തിയ ശേഷം അദ്ദേഹം നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി. കരസേനാ മേധാവി എം എം നരവനെയും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.
പാകിസ്ഥാനെയും മോദി പരോക്ഷമായി വിമർശിച്ചു. മിന്നലാക്രമണത്തില്‍ സൈനികര്‍ വഹിച്ച പങ്ക് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.നമ്മുടെ സൈനികര്‍ രാജ്യത്തിന്റെ സുരക്ഷാ കവചമാണ്. രാജ്യത്തെ ജനങ്ങള്‍ സമാധാപരമായി ഉറങ്ങാന്‍ കിടക്കുന്നത് ഇവര്‍ അതിര്‍ത്തി കാക്കുന്നത് കൊണ്ടാണ്. ഉത്സവങ്ങള്‍ ആഘോഷമാക്കാന്‍ സാധിക്കുന്നതും സൈനികര്‍ അതിര്‍ത്തിയില്‍ തീര്‍ത്ത സുരക്ഷാ കവചം കൊണ്ടാണെന്നും മോദി ഓര്‍മ്മിപ്പിച്ചു.
”നമ്മുടെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് എന്റെ സന്തോഷം. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. മോദി പറഞ്ഞു.