ദില്ലി: ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ഏലിയൻ ഏസ്‍പെക്ട്, ജോൺ എഫ് ക്ലോസർ, ആൻറോൺ സെലിങർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകളാണ് മൂന്ന് പേരെയും പുരസ്‍കാരത്തിന് അർഹനാക്കിയത്. ഈ വർഷത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാൻറേ പേബൂവിനാണ്. മനുഷ്യ പരിണാമ പഠനത്തിലെ അപൂർവ സംഭാവനകൾക്കാണ് അംഗീകാരം. പേബൂവിൻറെ അച്ഛൻ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നൊബേൽ പുരസ്കാരം. മനുഷ്യ വംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാൻറേയുടെ പഠനം. നിയാർത്തണ്ടൽ മനുഷ്യരുടെ ജനിതിക ഘടന വേർതിരിച്ചെടുക്കുകയെന്ന അസാധ്യ ദൗത്യം പൂർത്തികരിച്ചതിനാണ് പുരസ്‍കാരം.
മുമ്പ് അറിയപ്പെടാതിരുന്നു ഹോമോ ഡെനിസോവ എന്ന മനുഷ്യ പൂർവികനെ തിരിച്ചറിയുന്നതിലും സ്വാൻറേ നിർണായക പങ്കുവഹിച്ചു. ഡെനിസോവരുടെ ജനിതിക പാരമ്പര്യം ഹോമോ സാപ്പിയനെന്ന ആധുനിക മനുഷ്യനിലേക്കും എത്തിയെന്നും തിരിച്ചറിഞ്ഞത് സ്വാൻറേയാണ്. ആധുനിക മനുഷ്യനിൽ 4 ശതമാനം വരേ നിയാണ്ടർതാൽ മനുഷ്യൻറെ ജനിതക ഘടന ഉണ്ടെന്നും കണ്ടെത്തൽ. 2010 ലാണ് സ്വാൻറേയുടെ ഗവേഷണം പ്രസിദ്ധീകരിച്ചത്. ഇത് പാലിയോജെനോമികസ് എന്ന പുതിയ ശാസ്ത്ര ശാഖയുടെ തുടക്കത്തിനും വഴിവച്ചു. നിലവിൽ ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എവലൂഷനറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ്. പേബൂവിൻറെ അച്ഛൻ സുനേ ബഗേസ്റ്റോമിനും നോബേൽ പുരസ്കാര ജേതാവാണ്. 1982 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരമാണ് സുനേ നേടിയത്.