പത്തനംതിട്ട: സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ, ഗണപതി വിഗ്രഹങ്ങൾക്കു മുന്നിൽനിന്നുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ. ഒരു യാത്രയുടെ തുടക്കം എന്ന പേരിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ചൊല്ലി വിവാദവും ഉയർന്നു കഴിഞ്ഞു.
എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ്.അഖിൽ, എ.പി.ജയന്റെ നിലപാടിനെ തള്ളി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. കഥകൾ വിശ്വസിക്കുന്നവർക്കു അതുമായി മുന്നോട്ടു പോകാമെന്നും സഖാവ് ഷംസീർ പറഞ്ഞതു ശാസ്ത്രമാണെന്നും അഖിൽ കുറിച്ചു. ‘ഷംസീറിനൊപ്പം ശാസ്ത്രത്തിനൊപ്പ’മെന്ന പോസ്റ്റ് മുൻപും അഖിൽ പങ്കുവച്ചിട്ടുണ്ട്.
ഗ്രന്ഥശാല പ്രസ്ഥാനവുമായി ബന്ധപ്പെട്ടു ഡൽഹി, കൊൽക്കത്ത യാത്രയിലാണു എ.പി.ജയൻ എന്നു പാർട്ടി നേതാക്കൾ പറയുന്നു. ചിത്രത്തിൽ ഗണപതി മാത്രമല്ല, കൃഷ്ണനും ബുദ്ധനും ഉണ്ടെന്നാണു അവർ വിശദീകരിക്കുന്നത്. ‘മിത്ത്’ വിവാദത്തിൽ പാർട്ടി നിലപാടിനൊപ്പമാണു ജില്ലാ സെക്രട്ടറിയെന്നും അവിചാരിതമായി എടുത്ത ചിത്രം ചിലർ വിവാദമാക്കുകയാണെന്നും അവർ പറഞ്ഞു. യാത്രയിലായതിനാൽ എ.പി.ജയന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

