സൈനികാഭ്യാസത്തിന്റെ പേരില്‍ തായ്‌വാൻ തീരത്ത് തുടര്‍ച്ചയായി ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ച് ചൈന. യുഎസ് ഹൗസ് വക്താവ് നാന്‍സി പെലോസിയുടെ ഒരു ദിവസത്തെ തായ്‌വാൻ സന്ദര്‍ശനത്തില്‍ പ്രകോപിതരായാണ് ചൈനയുടെ നടപടി. മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തായ്‌വാനു മുകളിലൂടെ ചൈനീസ് മിസൈലുകള്‍ പറക്കുന്നത് ഇതാദ്യമാണ്.
അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന ആദ്യ മിസൈല്‍ തൊടുത്തുകൊണ്ട് പ്രകടനം ആരംഭിച്ചത്. മിസൈല്‍ പ്രയോഗിച്ചതായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തായ്‌വാൻ പ്രതിരോധമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
തായ്‌വാന് ചുറ്റും സമുദ്രത്തിലേക്ക് നിരവധി മിസൈലുകള്‍ ചൈന തൊടുത്തതായാണ് സ്റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തായ്‌വാന്റെ വടക്ക് കിഴക്കന്‍, തെക്ക് പടിഞ്ഞാറന്‍ തീരത്തിന് സമീപത്തുള്ള സമുദ്രഭാഗത്തും ആകാശത്തും നിരവധി മിസൈല്‍ തൊടുത്തതായി ചൈനയുടെ ഈസ്റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ തന്നെ ചൈനീസ് നാവികസേനയുടെ കപ്പലുകളും സൈനിക വിമാനങ്ങളും തായ്‌വാൻ കടലിടുക്ക് മുറിച്ചുകടന്നതായും ബീജിംഗിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തായ്വാന്‍ മിസൈല്‍ സംവിധാനങ്ങളും നാവികസേനാ കപ്പലുകളും വിന്യസിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നാന്‍സി പെലോസിയെ ജപ്പാനും ദക്ഷിണ കൊറിയയും സന്ദര്‍ശിക്കാന്‍ തായ്‌വാനില്‍ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനങ്ങള്‍ ആരംഭിച്ചത്. യുക്രെയിനില്‍ റഷ്യ നടത്തിയതുപോലുള്ള അധിനിവേശം ഇവിടെ ചൈന നടത്തുമോയെന്ന ആശങ്ക ലോകരാഷ്ട്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. നിരവധി ചൈനീസ് യുദ്ധ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി തായ്‌വാൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ തിയേറ്റര്‍ കമാന്‍ഡിന്റെ സംയുക്ത സൈനികാഭ്യാസമാണ് നടത്തുന്നത്. നാവിക, വ്യോമ സേനകളെ കൂടാതെ റോക്കറ്റ്, സ്ട്രാറ്റാജിക് സപ്പോര്‍ട്ട്, ജോയിന്റ് ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട് സേനകളും ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിനൊപ്പമുണ്ട്.
ചൈനീസ് സൈനികാഭ്യാസത്തില്‍ ജപ്പാനും ദക്ഷിണ കൊറിയയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് അംബാസഡര്‍ നിക്കോളാസ് ബേണ്‍സിനെ വിളിച്ചുവരുത്തി ചൈന പ്രതിഷേധം അറിയിക്കുകയും ചെയ്തു. അതേസമയം, തായ്‌വാന്റെ കിഴക്ക് ഫിലിപ്പീന്‍സ് കടലില്‍ അമേരിക്കയുടെ കപ്പല്‍പ്പടയെ വിന്യസിച്ചിട്ടുണ്ട്.