പച്ച സിഗ്നൽ കണ്ട ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തതെന്ന് ഒഡിഷയിൽ അപകടത്തിൽപ്പെട്ട കൊറമണ്ഡൽ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി. ട്രെയിനിന്റെ വേഗത കുറച്ചിട്ടില്ലെന്നും മാർഗനിർദേശങ്ങൾ പാലിച്ചാണ് മുന്നോട്ട് പോയതെന്നും പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റ് പറഞ്ഞു.അതേ സമയം, ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്‍റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. അപകടത്തിന് ഉത്തരവാദികളെ കണ്ടെത്തിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
ട്രെയിനിന്‍റെ റൂട്ട് നിശ്ചയിക്കല്‍,പോയിന്‍റ് ഓപ്പറേഷന്‍,ട്രാക്ക് നീക്കം അടക്കം സിഗ്നലിംഗുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സംവിധാനമാണ് ഇലക്ട്രേോണിക് ഇന്‍റര്‍ ലോക്കിംഗ്. പോയിന്‍റ് ഓപ്പറേഷനില്‍ ഗുരതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിലേക്കാണ് റയില്‍വേമന്ത്രിയും വിരല്‍ ചൂണ്ടുന്നത്. ട്രെയിനിന്‍റെ ദിശ നിര്‍ണ്ണയിക്കുന്ന പോയിന്‍റ് സംവിധാനത്തിലുണ്ടായ പാളിച്ചയാണ് കൊറമാണ്ഡല്‍ എക്സ്പ്രസ് മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങാന്‍ കാരണമായത്. 130 കിലോമീറ്റര്‍ സ്പീഡില്‍ മെയിന്‍ ലൈനിലൂടെ മുന്നോട്ട് പോകേണ്ട ട്രെയിന്‍ ലൂപ്പ് ലൈനിലേക്ക് കടന്ന് ഗുഡ്സ് ട്രെയിനെ ഇടിച്ചാണ് വന്‍ ദുരന്തമുണ്ടായത്.