പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്‍റണിക്കെതിരായും പിസി ജോർജിന് അനുകൂലമായും സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട കർഷക മോർച്ച നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കർഷക മോർച്ച ജില്ല പ്രസിഡന്‍റ് ശ്യാം തട്ടയിലിനെതിരെയാണ് പാര്‍ട്ടി നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ശ്യാമിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.അനിലിന്‍റെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയാണെന്നും ജനങ്ങളുടെ ശബ്‌ദം കേൾക്കാതെ ഇവിടെ സ്ഥാനാര്‍ഥിയെ നിർത്തിയാൽ ഒരു ലക്ഷം വോട്ട് പോലും കിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ശ്യാം പറഞ്ഞത്. മാത്രമല്ല അനില്‍ ആന്‍റണിയെ വിമര്‍ശിച്ച് ശ്യാം ഫേസ്‌ബുക്കില്‍ കുറിപ്പിടുകയും ചെയ്‌തു.പിസിക്കൊപ്പം പത്തനംതിട്ട ജനത എന്ന തലക്കെട്ടിലാണ് ശ്യാം കുറിപ്പ് പങ്കിട്ടത്. സര്‍വേയില്‍ എല്ലായിടത്തും ഉയര്‍ന്ന ശബ്‌ദം പിസിയുടേതായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അനില്‍ ആന്‍റണിയുടെ പേര് ആരും സ്വപ്‌നത്തിൽ പോലും പറഞ്ഞില്ലെന്നും ബിജെപിക്കായി ആര് നിന്നാലും ജയിക്കില്ല എന്ന നിലപാടാണ് ബിജെപി പത്തനംതിട്ട ജില്ല നേതൃത്വത്തിന്‍റെതെന്നും പ്രതിഷേധ കുറിപ്പിലുണ്ട്.ഇതിനെ തുടർന്നാണ് ശ്യാമിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സംഘടന അച്ചടക്കം ലംഘിക്കുകയും പാർട്ടി വിരുദ്ധ നടപടികൾ സ്വീകരിക്കുകയും ചെയ്‌ത കർഷക മോർച്ച ജില്ല അധ്യക്ഷൻ ശ്യാം തട്ടയിലിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ബിജെപി ജില്ല പ്രസിഡന്‍റ് വിഎ സൂരജ് ഔദ്യോഗിക കത്തും പുറത്തിറക്കി. എന്നാല്‍ പാർട്ടി സംഘടന ചുമതല ശനിയാഴ്‌ച (മാര്‍ച്ച് 2) തന്നെ രാജിവച്ചതായി മറ്റൊരു കുറിപ്പില്‍ ശ്യാം വ്യക്തമാക്കി. പത്തനംതിട്ടയില്‍ പിസി ജോർജിനെ സ്ഥാനാർഥിയാക്കാത്തതില്‍ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തി ഇന്നലെ തന്നെ സംഘടന ചുമതല ഉപേക്ഷിച്ചെന്ന് ശ്യാം കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.