വിവാഹത്തിനു മുന്നോടിയായി ബ്യൂട്ടിപാർലറിൽ പോയ വധു പുതിയ മേക്ക്അപ് പരീക്ഷിച്ച് മുഖം വികൃതമായി.ഇതേ തുടർന്ന് വരൻ വിവാഹം വേണ്ടെന്ന് വച്ചു,കർണാടകയിലെ ഹസ്സൻ ജില്ലയിലുള്ള ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിനു മുമ്പ് പുതിയ മേക്കപ്പ് പരീക്ഷിക്കാനാണ് യുവതി പ്രദേശത്തെ ബ്യൂട്ടിപാർലറിൽ എത്തിയത്. എന്നാൽ മേക്കപ്പിനു ശേഷം യുവതിയുടെ മുഖം കരുവാളിച്ച് കറുത്തതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി.യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഫൗണ്ടേഷൻ ചെയ്ത ശേഷം മുഖത്ത് ആവി പിടിച്ചതോടെ യുവതിയുടെ മുഖം പൊള്ളുകയും നീരുവന്ന് വീങ്ങുകയുമായിരുന്നു. പെൺകുട്ടിയുടെ മുഖം കണ്ട യുവാവ് വിവാഹം വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. യുവതിയുടെ കുടുംബം ബ്യൂട്ടിപാർലറിനെതിരെ കേസ് നൽകിയിട്ടുണ്ട്. ബ്യൂട്ടിപാർലർ ഉടമ ഗംഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.