യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥി നവീന്‍ കുമാറിനെ കുറിച്ചുള്ള ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തിൽ.മൃതദേഹത്തിനായി കുടുംബം കാത്തിരിക്കുന്ന വേളയില്‍ ‘ഒരു മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം എടുക്കുന്നു’ വെന്നാണ് ബിജെപി എംഎല്‍എ പരാമര്‍ശം നടത്തിയത്.ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡ് ആണ് വിവാദ പരാമർശം നടത്തിയത്.
നവീന്റെ മൃതദേഹം ജന്മനാടായ ഹാവേരിയിലേക്ക് എപ്പോള്‍ കൊണ്ടുവരുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിമാനത്തില്‍ ഒരു ശവപ്പെട്ടിക്ക് പകരം പത്ത് പേര്‍ക്ക് അധികം കയറാമെന്നായിരുന്നു എംഎല്‍എയുടെ മറുപടി. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യുക്രൈന്‍ ഒരു യുദ്ധഭൂമിയാണ്. അത് എല്ലാവര്‍ക്കും അറിയാം. മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ബെല്ലാഡ് പറഞ്ഞു
നവീന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് എംഎല്‍എ ഇങ്ങനെ മറുപടി പറഞ്ഞത്.
തന്റെ മകന്റെ മൃതദേഹം കൊണ്ടുവരണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോടും അഭ്യര്‍ഥിച്ചിരുന്നു.രണ്ട് ദിവസത്തിനകം മകന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഹാര്‍കീവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ മെഡിസിന്‍ വിദ്യാര്‍ഥിയായ 21 വയസുകാരന്‍ നവീന്‍ ചൊവ്വാഴ്ച രാവിലെ നടന്ന ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്

