രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ സംബന്ധിച്ച് ട്വിറ്ററില്‍ താരങ്ങള്‍ക്കിടെ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍.
യുഎസില്‍ ജോര്‍ജ് ഫ്ളോയിഡിനെ ഒരു പോലീസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നുവെന്നാണ് പഠാന്റെ പ്രതികരണം. വെറുതെ പറഞ്ഞെന്നേയുള്ളൂവെന്ന ഹാഷ്ടാഗും താരം ട്വീറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്.
പോപ് താരം റിഹായനയടക്കമുള്ള അന്താരാഷ്ട്ര സെലിബ്രറ്റികള്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പുറത്ത് നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതിയെന്നായിരുന്നു സച്ചിന്റെ പ്രതികരണം. അതേ സമയം ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ അപലപിച്ച് സച്ചിന്‍ അന്ന് രംഗത്തെത്തിയിരുന്നു. ഈ നടപടിയെ പരിഹസിച്ചുകൊണ്ടാണ് പഠാന്റെ ട്വീറ്റ്. പി.ടി.ഉഷ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ മലയാളി താരങ്ങളും കര്‍ഷക സമരത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണയെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരുന്നു.