62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കം കുറിച്ചു. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്താവിഷ്കാരത്തോടെ കലാമേളയ്ക്ക് തുടക്കമായി.മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും പങ്കെടുത്തു. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്.ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നത്കല പോയിന്റ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.പതിനാലായിരം വിദ്യാർഥികളാണ് അഞ്ചു നാൾ നീളുന്ന കലാമേളയുടെ ഭാഗമാകുന്നത്.കോഴിക്കോട്ട് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പ് ഇടുക്കിയിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ കലോല്‍സവ നഗരിയിലെത്തി. 24 വേദികളാണ് കാലാപൂരത്തിനായി സജ്ജമാക്കിയിരിക്കുന്നത്.നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.
ആറ് പതിറ്റാണ്ടിനിടെ കലോത്സവത്തിന് കൊല്ലം വേദിയാവുന്നത് നാലാം തവണ; കലാമേളയ്ക്ക് തിരി തെളിഞ്ഞു

