കര്‍ഷകരുടെ ജിയോ ബഹിഷ്കരണാഹ്വാനത്തിന് പിന്നാലെ കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കരാര്‍ കൃഷിയിലേക്കോ കോര്‍പ്പറേറ്റ് കൃഷിയിലേക്കോ ഇല്ലെന്ന് റിലയന്‍സ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്കി. ഇക്കാര്യം റിലയന്‍സ് പുറത്തിറങ്ങിയ പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്.
താങ്ങുവിലയില്‍ കുറവ് വരുത്തി കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കില്ല, ഏതെങ്കിലും പ്രദേശത്ത് കരാര്‍ കൃഷിക്കായി റിലയന്‍സ് ഭൂമി വാങ്ങില്ല, അങ്ങനെ ഭൂമി വാങ്ങി കരാര്‍ കൃഷി നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. രാജ്യത്തെ അന്നദാതാക്കളായ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി മാത്രമെ മുന്നോട്ട് പോവുകയുള്ളൂവെന്നും റിലയന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
നേരത്തെ റിലയന്‍സിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയിരുന്നു. പഞ്ചാബില്‍ മാത്രം 1450 ജിയോ ടവറുകളായിരുന്നു കര്‍ഷകര്‍ തകര്‍ത്തത്. ടവറുകളിലേക്കുള്ള വൈദ്യൂതിയും വിച്ഛേദിച്ചിരുന്നു. ടവറുകള്‍ നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ജിയോ അധികൃതര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നെങ്കിലും കര്‍ഷകര്‍ പിന്മാറാന് കൂട്ടാക്കിയിരുന്നില്ല.
പിന്നാലെ ടെലികോം കമ്പനികള്‍ക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ല. ടവറുകള്‍ നശിപ്പിക്കുന്നതിന് പിറമെ ജിയോ സിം കാര്‍ഡുകള്‍ ഉപേക്ഷിക്കാനും വന്‍തോതില്‍ പ്രചരണം നടത്തുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാവുന്നതുവരെ കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.