രാജ്യസഭ എംപിമാരെ സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രക്ഷുബ്ധരംഗങ്ങള്‍ തുടരുകയാണ് പാര്‍ലമെന്റില്‍. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തുന്ന 12 അംഗങ്ങള്‍ക്ക് മുന്നില്‍ സഭാസ്തംഭനം ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധമാണ് ഇന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയത്. സമരം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മാപ്പ് പറയാന്‍ തയ്യാറാകാതെ മാര്‍ഷല്‍മാരെ ആക്രമിച്ച സംഭവത്തെ ന്യായീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി രാജ്യസഭാ നേതാവ് പിയൂഷ് ഗോയല്‍ എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി.
പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കുമ്പോഴും മാപ്പ് പറയാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. മാപ്പുപറഞ്ഞ് കീഴടങ്ങല്‍ വേണ്ടെന്ന നിലപാടില്‍ പ്രതിപക്ഷവും നിലപാട് കടുപ്പിക്കുകയാണ്. അതേസമയം അടുത്ത രണ്ട് ദിവസത്തില്‍ ചില സമവായ നീക്കങ്ങള്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനുമിടയില്‍ ഉണ്ടായേക്കുമെന്ന സൂചനകളും ഉണ്ട്. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് എംപിമാരെ സസ്‌പെന്റ് ചെയ്തത്. സഭയുടെ അന്തസ് ഇടിച്ച് താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് അദ്ധ്യക്ഷന് പരാതി നല്‍കിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.