ദില്ലി: യു.എസിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടി വർദ്ധിച്ചതായി റിപ്പോർട്ട്. 2022 ഒക്ടോബർ മുതൽ 2023 നവംബർവരെയുള്ള ഒരു വർഷക്കാലം അനധികൃതമായി യു.എസിലേക്ക് കടക്കുന്നതിനിടയിൽ 96,917 ഇന്ത്യക്കാർ പിടിക്കപ്പെട്ടതായി യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 730 പേർ കുട്ടികളാണെന്നും തനിച്ചെത്തിയവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. കനേഡിയൻ അതിർത്തി വഴി കടക്കാൻ ശ്രമിച്ച 30,010 പേരും മെക്‌സിക്കൻ അതിർത്തി വഴി കടക്കാൻ ശ്രമിച്ച 41,770 പേരുമാണ് പിടിയിലായത്. രാജ്യത്തിനുള്ളിൽ പ്രവേശിച്ചതിന് ശേഷമാണ് ബാക്കിയുള്ളവർ പിടിയിലായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.യു.എസിന്റെ തെക്കൻ, വടക്കൻ, അതിർത്തികളിൽ നിരവധി ജീവൻ നഷ്ടമായിട്ടും അപകടകരമായ വഴികളാണ് ഭൂരിപക്ഷം ഇന്ത്യക്കാരും യാത്രക്ക് തെരഞ്ഞെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയിൽ ഒരാൾ പിടിക്കപ്പെടുമ്പോൾ 10 പേർ യു.എസിലേക്ക് കടക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവരിൽ പ്രായപൂർത്തിയായ അവിവാഹിതരാണ് കൂടുതലുള്ളത്. 84,000 അവിവാഹിതർ അതിർത്തിയിൽ പിടിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. യു.എസിൽ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ നിരവധി ഇന്ത്യൻ കുട്ടികളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.വിചാരണ കൂടാതെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള ‘ടൈറ്റിൽ 42’ നയത്തിൽ ഇളവ് വരുത്തിയതോടെ യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം വർദ്ധിച്ചത്. നിരവധി ഇന്ത്യക്കാർ പ്രതിവർഷം യു.എസിൽ പിടിക്കപ്പെടുന്നുണ്ടെന്നും മാനുഷിക പരിഗണനകൊണ്ട് ചുരുക്കം ചിലർ മാത്രമേ നാടുകടത്തപ്പെടുന്നുള്ളുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
യുഎസ്സിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന; ഒരു വർഷത്തിനിടെ 96,917 പേർ പിടിക്കപ്പെട്ടു

