ചാത്തമംഗലം പട്ടാപ്പകൽ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഫറോക്ക് നല്ലൂർ സ്വദേശി ജിത്തുവാണ് പിടിയിലായത്. കുന്ദമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 28 ന് പകൽ സമയത്താണ് ചെത്തുകടവ് ചേനോത്തിലെ ഒരു വീട്ടിൽ ജിത്തു മോഷണം നടത്തിയത്. വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കിയ പ്രതി വീട്ടുകാർ ഒളിപ്പിച്ച് വെച്ച താക്കോൽ കണ്ടെടുത്ത് വീട് തുറന്ന് മോഷണം നടത്തുകയായിരുന്നു.ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് ഇയാൾ വീട്ടിൽ നിന്ന് കൈക്കലാക്കിയത്. വീട്ടുകാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നല്ലൂരിലെ വീട്ടിൽ നിന്ന് ജിത്തുവിനെ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറത്തുപോവുമ്പോൾ വീട്ടുകാർ കാണിക്കുന്ന അശ്രദ്ധ കൈമുതലാക്കിയാണ് ഇയാൾ മോഷണം നടത്തുന്നതെന്ന് കുന്ദമംഗലം എസ്എച്ച്ഓ ശ്രീകുമാർ പറഞ്ഞു. സാധാരണ രീതിയിൽ വീടുവിട്ട് പോവുമ്പോൾ ചെടി ചട്ടി, കെഎസ്ഇബി മീറ്ററിൻറെ മുകൾ ഭാഗം, വാഷിങ് മെഷീൻ, ചവിട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് താക്കോൽ വെക്കുക എന്ന് പ്രതിക്ക് നല്ല ധാരണ ഉണ്ടെന്നും ഇതിൻറെ അടിസ്ഥാനത്തിലാണ് ജിത്തു മോഷണം നടത്താറുള്ളതെന്നും എസ്എച്ച്ഒ പറഞ്ഞു. വീട് പൂട്ടി പുറത്തുപോകുന്നവർ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണം എന്നും അദ്ദേഹം അറിയിച്ചു.
ബസ്സിൽ കയറി നാട്ടിൻ പുറങ്ങളിൽ എത്തിയാണ് ജിത്തുവിന്ർറെ മോഷണം. ഏതെങ്കിലും സ്റ്റോപ്പിൽ ബസ്സിറങ്ങി നടക്കുന്ന പ്രതി വീടുകളിൽ ചെന്ന് വാതിലിൽ മുട്ടും, ആരെങ്കിലും വാതിൽ തുറന്നാൽ ഏതെങ്കിലും വ്യക്തിയെ അന്വേഷിച്ച് വന്നതാണെന്ന് പറഞ്ഞ് രക്ഷപ്പെടും. ആളില്ല എന്ന് കണ്ടാൽ താക്കോൽ വെക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളെല്ലാം പരിശോധിച്ച് താക്കോൽ കണ്ടെടുക്കും, വാതിൽ തുറന്ന് മോഷണം നടത്തി രക്ഷപ്പെടുകയും ചെയ്യും. ചേനോത്തെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ശേഷം സമീപത്തെ കടയിൽ കയറി ഇയാൾ വെള്ളം കുടിച്ചെന്നും മറ്റൊരു വീട്ടിൽ കൂടി മോഷണത്തിന് ശ്രമം നടത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ ഭാര്യയുടെ നമ്പറിലേക്ക് നടത്തിയ ഫോൺ കോളാണ് നിർണായകമായത്.
കുന്ദമംഗലം എസ്എച്ച്ഒ ശ്രീകുമാർ എസിന്റെ നേതൃത്വത്തിൽ, ഗ്രേഡ് എസ്ഐ സുരേഷ് കുമാർ, പ്രദീപ് കുമാർ, പ്രമോദ്, സജീവ് കുമാർ എന്നിവരാണ് നല്ലൂരിലെ വീട്ടിൽ നിന്നും ജിത്തുവിനെ പിടികൂടിയത്. 15000 രൂപ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. മോഷ്ടിച്ച പണം ഇയാൾ പലർക്കും കടം കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ഈ പണം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്

