ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാൻ ലോകനേതാക്കളുടെ പ്രത്യേക ഉച്ചകോടി യുകെയിൽ ആരംഭിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അധ്യക്ഷതയിലാണ് യോഗം. ആഗോളതലത്തിൽ നയങ്ങളും പൊതുമാനദണ്ഡങ്ങളും രൂപീകരിക്കാൻ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെയാണ് എഐ ഉച്ചകോടിക്കു തുടക്കം കുറിച്ചിരിക്കുന്നത്. എഐയുടെ പെട്ടെന്നുള്ള വികാസം ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി ആശങ്ക ഉയർത്തിയിട്ടുള്ള നേതാക്കൾക്കു പുറമേ, എഐ സാങ്കേതികവിദ്യയുടെ മേൽ നിയന്ത്രണണമുള്ള ടെക് കമ്പനി മേധാവികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെൻ ലെയൻ, ഇന്ത്യയിൽ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് തുടങ്ങി നേതാക്കളുടെ വൻനിരയാണുള്ളത്. എഐ സാങ്കേതികവിദ്യയിലെ മുൻനിരക്കാരായ ഓപൺഎഐ, അന്ത്രോപിക്, ഗൂഗിൾ ഡീപ്മൈൻഡ്, മൈക്രോസോഫ്റ്റ്, മെറ്റ, എക്സ് എഐ തുടങ്ങി കമ്പനികളുടെ പ്രതിനിധികളും ഉൾപ്പെടെ നൂറിലേറെപ്പേർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എഐയുടെ മേലുള്ള നിയന്ത്രണം അനിവാര്യമാണെന്ന് നിലപാടെടുത്തിരുന്ന ഇലോൺ മസ്ക്, ലോകരാജ്യങ്ങൾ എഐയെ നിയന്ത്രിക്കാൻ തിരക്കുകൂട്ടരുതെന്നും പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ കമ്പനികൾക്ക് അവസരം നൽകണമെന്നും അഭിപ്രായപ്പെട്ടു.
എഐയെ ഒതുക്കാൻ ലോകനേതാക്കളുടെ ഉച്ചകോടി; തിരക്കുപിടിക്കരുതെന്ന് മസ്ക്

