മഹാരഷ്ട്ര നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മരണ സംഖ്യ ഉയരുന്നു. നാല് കുട്ടികൾ ഉൾപ്പെടെ ഏഴു രോഗികൾ കൂടെ കൂടെ മരിച്ചതോടെ 48 മണിക്കൂറിനിടെ 31 പേർ മരണപ്പെട്ടു. അതേസമയം രോഗികളുടെ കൂട്ടമരണങ്ങൾക്ക് പിന്നിൽ മെഡിക്കൽ നെഗ്ളിജൻസ് ആണെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി.
കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 രോഗികളാണ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി വൈകി ഏഴു രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 31 ആയി. മരിച്ച 31 രോഗികളിൽ 16 പേർ കുട്ടികളാണ്. അവശ്യമരുന്നുകളുടെ അഭാവമാണ് രോഗികളുടെ മരണത്തിന് കാരണമെന്നായിരുന്നു ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മരണ സംഖ്യ വർധിച്ചതോടെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് അധികൃതർ.
മരുന്നുക്ഷാമം ഇല്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ അവകാശവാദം. മരുന്നുകളുടെയോ ഡോക്ടർമാരുടെയോ ക്ഷാമമില്ല. ആശുപത്രിയിൽ എത്തിയ രോഗികൾ ഗുരുതരാവസ്ഥയിൽ ആയിരുന്നു. മെഡിക്കൽ നെഗ്ളിജൻസ് ഉണ്ടായിട്ടില്ല. കൃത്യമായ പരിചരണം നൽകിയിട്ടും രോഗികൾ ചികിത്സയോട് പ്രതികരിച്ചില്ലെന്നും ആശുപത്രി ഡീൻ ഡോ. ശ്യാംറാവു വാക്കോട് പറഞ്ഞു. അതിനിടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.