തിരുവനന്തപുരം: സംയോജിത ശിശു വികസന പദ്ധതിയുടെ 45-ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന 45 ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കാമ്പയിനുമായി ബന്ധപ്പെട്ട ലോഗോയും തീം സോങ്ങും മന്ത്രി പ്രകാശനം ചെയ്തു. കേരളത്തില്‍ 1975ല്‍ വേങ്ങരയില്‍ തുടക്കം കുറിച്ച് പല ഘട്ടങ്ങളിലായി വികസിച്ച ഈ പദ്ധതി ഇന്ന് 258 ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 33,115 അങ്കണവാടികള്‍ വഴി സേവനം നടത്തി വരുന്നു. ഈ പദ്ധതി ഗുണഭോക്താക്കളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നത് സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോട് കൂടി 45 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രീതിയിലും മാതൃകാപരവുമായി പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് സംവിധാനമാണ് കേരളത്തിലേതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അങ്കണവാടികളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സമാനതകളില്ലാത്ത ഇടപെടലുകളാണ് സംസ്ഥാനം നടത്തിയിട്ടുള്ളത്. വകുപ്പിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ മൂലം അങ്കണവാടികളിലെ ഭൗതിക സാഹചര്യങ്ങള്‍ക്ക് സമൂലമായ മാറ്റം വന്നിട്ടുണ്ട്. ഈ സര്‍ക്കാരും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇന്നത് സ്മാര്‍ട്ട് അങ്കണവാടികളായി മാറികൊണ്ടിരിക്കുകയുമാണ്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ അങ്കണവാടികളില്‍ നിന്നും അവയുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ക്കും കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ശ്രദ്ധചെലുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ സമൂല വികസനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ തീം ബേസ്ഡ് പഠന രീതിയും, അങ്കണവാടി പ്രവര്‍ത്തകരുടെ കാര്യക്ഷമതാ പരിപോഷണത്തിന് ഐആര്‍ടിസിയുമായി നടപ്പിലാക്കിയ പരിശീലന പരിപാടികളും ഇതില്‍ ചിലതുമാത്രമാണ്. പൂരക പോഷകാഹാര വിതരണത്തിന് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള തുകയെക്കാള്‍ ഇരട്ടിയോളമാണ് ഓരോ അങ്കണവാടി ഗുണഭോക്താക്കള്‍ക്കും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിലൂടെ ചെലവഴിക്കുന്നത്. അങ്കണവാടികളിലെ സേവനങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സമൂഹത്തിലെ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലും, പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനത്തിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിനും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും വകുപ്പിലെ ജീവനക്കാര്‍ നടത്തിയത് വലിയ സേവനമാണെന്നും മന്ത്രി വ്യക്തമാക്കി.
ഐസിഡിഎസ് ഗുണഭോക്താക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും മന്ത്രി ഓണ്‍ലൈനില്‍ സംവാദിച്ചു. കോവിഡ് കാലത്തെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള അങ്കണവാടി ജീവനക്കാരുടെ അനുഭവങ്ങളും പങ്കുവച്ചു.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമ സ്വാഗതമാശംസിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, പ്രോഗ്രാം ഓഫീസര്‍മാര്‍, സിഡിപിഒമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
45 ദിനങ്ങള്‍ 15 പരിപാടികള്‍
ഐസിഡിഎസിന്റെ 45-ാം വര്‍ഷത്തില്‍ 45 ദിനങ്ങളിലായി 15 ഓളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളിലും അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളക്ക് തെളിയിക്കുന്ന വെളിച്ചം, അങ്കണവാടി പ്രദേശത്തെ അമ്മാര്‍ക്ക് അങ്കണവാടി സേവനങ്ങളെ കുറിച്ചും അങ്കണവാടി പ്രവര്‍ത്തകരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള സാക്ഷ്യം രേഖപ്പെടുത്തുന്ന അങ്കണവാടി എന്റെ മലര്‍വാടി,മഹത്തായ സേവനത്തിന്റെ അനുഭവ സാക്ഷ്യമായ ഓര്‍മ്മക്കുറിപ്പ്,അങ്കണവാടികളെക്കുറിച്ച് കേരളത്തിലെ പ്രമുഖ കലാ, സാംസ്‌കാരിക, കായിക വ്യക്തിത്വങ്ങളുടെ സന്ദേശങ്ങള്‍ എത്തിക്കുന്ന നമ്മുടെ അങ്കണവാടി,സംസ്ഥാനത്തുടനീളം ഒരു ദിവസം ടി.എച്ച്.ആര്‍. ഗുണഭോക്താക്കളായ കുട്ടികളുളള എല്ലാ വീടുകളിലും മൂന്നില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടി.എച്ച്.ആര്‍. ഉപയോഗിച്ച് പ്രഭാത ഭക്ഷണം വീട്ടില്‍ പാകം ചെയ്ത് നല്‍കുന്ന പോഷണ മന്ത്രം, രണ്ടു കാലഘട്ടങ്ങളിലെ അങ്കണവാടി പ്രവര്‍ത്തകുരുടെയും കുട്ടികളുടെയും ഓര്‍മകള്‍ പങ്കുവയ്ക്കുന്ന അന്നും ഇന്നും, അങ്കണവാടികള്‍ക്ക് കാലാകാലങ്ങളിലായി വന്ന ഭൗതികപരമായ മാറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്കണവാടികള്‍ മാറ്റങ്ങളിലൂടെ, പ്രാദേശികമായി ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമായ വസ്തുക്കള്‍ ഉപയോഗിച്ച് പഠനോപകരണങ്ങളും കര കൗശല വസ്തുക്കളും അങ്കണവാടി പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന വീഡിയോ ചിത്രീകരിക്കേണ്ട ക്രിയാത്മകത, ഓണ്‍ലൈന്‍ ഉപന്യാസ മത്സരമായ അങ്കണവാടി സാമൂഹിക മാറ്റത്തിന്റെ വാതായനം, അങ്കണവാടി പ്രര്‍ത്തകര്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള വേദിയായ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍, ഓരോ അങ്കണവാടികളുടേയും ചരിത്രം രേഖപ്പെടുത്തി വയ്ക്കാനുള്ള കൈയെഴുത്ത് പ്രതി, ഓരോ കുടുംബത്തിലുമുളള, അങ്കണവാടികളില്‍ പഠിച്ച രണ്ടോ മൂന്നോ തലമുറകളില്‍പ്പെട്ട ആള്‍ക്കാരുടെ ഒന്നിച്ചുള്ള ഫോട്ടോ ശേഖരിച്ച് ഫോട്ടോ കൊളാഷാക്കുന്ന തലമുറകളിലൂടെ, മന്ത്രിയും ഉദ്യോഗസ്ഥരും അങ്കണവാടി ഗുണഭോക്താക്കളുമായും അവരുടെ കുടുംബവുമായും നേരിട്ട് സംവദിക്കുന്ന കയ്യൊപ്പ്, കോവിഡിനോട് പൊരുതിക്കൊണ്ട് വ്യത്യസ്ഥ സേവനങ്ങള്‍ കാഴ്ചവച്ചവരുമായുള്ള സംവാദമായ വേറിട്ട വഴികള്‍എന്നിവയാണ് പ്രധാന പരിപാടികള്‍.