സനാതന ധർമം എന്നത് സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്ന് തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമം ഡെങ്കിപ്പനിയും മലേറിയയും പോലെയാണെന്നും അതിനെ എതിർത്താൽ മാത്രം പോര, നിർമാർജനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
‘‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം’’ -ഉദയനിധി പറഞ്ഞു.
അതേ സമയം, ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ ബി ജെ പി രംഗത്തെത്തി. സനാതന ധർമത്തെ മലേറിയോടും ഡെങ്കിപ്പനിയോടും ഉപമിച്ച് നിർമാർജം ചെയ്യണമെന്ന് പറഞ്ഞതിലൂടെ, ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബി ജെ പി നേതാവ് അമിത് മാളവ്യ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ച്. എന്നാൽ സനാതന ധർമം പിന്തുടരുന്നവരെ വംശഹത്യ നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉദയനിധി വ്യക്തമാക്കി. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സനാതന ധർമം ചെയ്യുന്നതെന്നാണ് പറഞ്ഞത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണ് താൻ സംസാരിച്ചത്.
സനാതന ധർമത്തെയും അതിന്റെ സാമൂഹിക ആഘാതത്തെയും കുറിച്ച് പെരിയാറും അംബേദ്കറും നടത്തിയ പഠനങ്ങൾ അവതരിപ്പിക്കാൻ താൻ തയാറാണെന്ന് ഉദയനിധി പറഞ്ഞു. കോവിഡും മലേറിയയും ഡെങ്കിയും പോലെ സനാതന ധർമവും നിരവധി സാമൂഹിക തിന്മകൾക്ക് കാരണമാകുന്നതായാണ് പ്രസംഗത്തിൽ ഉദ്ദേശിച്ചത്. ഇതിന്റെ പേരിൽ നിയമനടപടി നേരിടാനും മടിയില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.