സമീപകാല റിലീസുകളിൽ ഏറെ പ്രതീക്ഷ നൽകിയ ചിത്രം ആയിരുന്നു ‘വോയിസ് ഓഫ് സത്യനാഥൻ’. ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസിന് എത്തിയിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തിയ ഈ ദീലീപ് ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു എന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്.
ജൂലൈ 28നാണ് വോയിസ് ഓഫ് സത്യനാഥൻ തിയറ്ററുകളിൽ എത്തിയത്. ആദ്യം ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിലും ആദ്യ ദിവസം മുതൽ പൊസിറ്റീവ് ആയ ഫീഡ് ബാക്ക് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഇതാ വിദേശത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ചിത്രം ഓസ്ട്രേലിയയിൽ പ്രദർശനം തുടരുകയാണ് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഓഗസ്റ്റ് 3(ഇന്ന്) മുതൽ ആണ് ഓസ്ട്രേലിയയിൽ വോയിസ് ഓഫ് സത്യനാഥൻ പ്രദർശനം തുടരുക. വിക്ടോറിയ ഉൾപ്പടെ ആറ് ഇടങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും. റിലീസുമായി ബന്ധപ്പെട്ട് തിയറ്റർ ലിസ്റ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. യുഎഇ, ജിസിസി എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ആറ് രാജ്യങ്ങളിലായി 87 സ്ക്രീനുകളില്‍ ഇന്ന് തന്നെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.
അതേസമയം, 1.80 കോടിയാണ് ആദ്യദിനത്തിൽ ദിലീപ് ചിത്രം നേടിയത്. കേരളത്തിലെ മാത്രം ബോക്സ് ഓഫീസ് കളക്ഷനാണിത്. ഇതോടെ ആദ്യ ദിനം കേരളത്തിലെ ബോക്സ് ഓഫീസ് കളക്ഷനിൽ ഏറ്റവും കൂടുതൽ തുക നേടുന്ന അഞ്ചാമത്തെ ചിത്രം എന്ന ഖ്യാതിയും വോയിസ് ഓഫ് സത്യനാഥൻ സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ചിത്രം ആദ്യ വാരാന്ത്യം നേടിയിരിക്കുന്നത് 6.80 കോടിയാണ്.
ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ആണ് വോയിസ് ഓഫ് സത്യനാഥൻ. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അനുശ്രീ തുടങ്ങിയവരാണ് ദിലീപിനൊപ്പം വേഷമിട്ട മറ്റ് അഭിനേതാക്കൾ.