പ്രതിപക്ഷത്തെ ഒന്നിപ്പിച്ചുകൊണ്ട് ഇന്ധനവിലയില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എം.പിമാര്‍ സൈക്കിളില്‍ പാര്‍ലമെന്റിലേക്ക് റാലി സംഘടിപ്പിച്ചു.
രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സൈക്കിള്‍ റാലി. പാര്‍ലമെന്റിന് പുറത്ത് സമാന്തര പാര്‍ലമന്റ് യോഗവും സംഘടിപ്പിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും, വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പിടിച്ചുവാങ്ങാനുള്ള ഒരു വഴി പാര്‍ലമെന്റിലേക്കുള്ള സൈക്കിള്‍ യാത്രയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ യാത്ര നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് വ്യത്യസ്തമായ മറ്റൊരു പ്രതിഷേധത്തിനുകൂടി രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്നത്.
ജനം വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എം.പിമാര്‍ കുറ്റപ്പെടുത്തി. എം.എം ആരിഫ്, ഇളമരം കരീം എന്നിവരുള്‍പ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി.