സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
കോഴിക്കോട് കോർപ്പറേഷന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ പരിധിയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി യുവതി യുവാക്കൾക്ക് 10 മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാപരിശിലനം നൽകുന്ന പദ്ധതിക്ക് അപേക്ഷ നൽകിയവർക്കുള്ള ഓറിയന്റേഷൻ ആന്റ് മോട്ടിവേഷൻ ക്ലാസ്സ് ജൂലൈ പത്തിന് രാവിലെ 10 മണിക്ക് കോർപ്പറേഷൻ ഹാളിൽ നടക്കും. അപേക്ഷകർ നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. പുതുതായി ക്ലാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കോർപ്പറേഷൻ പരിധിയിലെ സ്ഥിരതാമസക്കാർ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8547630149
ഫിസിഷ്യൻ ഒഴിവ്
ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് (KASP ) കീഴില്‍ ഫിസിഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 75,000 രൂപ മാസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : മെഡിസിനിൽ എം ഡി അല്ലെങ്കിൽ ഡി എൻ ബി മെഡിസിൻ. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 10ന് രാവിലെ 11.30 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
ക്ലീനിംഗ് സ്റ്റാഫ് നിയമനം
ഗവ: ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ ആറിന് രാവിലെ 11 മണിക്ക് മുമ്പായി ഗവ.ജനറല്‍ ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാവേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367
യത്നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സർവീസ്, ആര്‍.ആര്‍.ബി, യുജിസി നെറ്റ്, ജെ.ആർ.എഫ്, സി.എ.ടി/എം.എ.ടി തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കുന്നതിന് യത്നം എന്ന പേരിൽ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും മാർഗ നിർദ്ദേശങ്ങൾക്കും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ് www.swd.kerala.gov.in സന്ദർശിക്കുകയോ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371911
സൗജന്യ ലാപ്ടോപ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്നു. 2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ ബി ഡി എസ്, ബി ഫാം, എം ഫാം, ഫാം ഡി, ബി എസ് സി ഫോറസ്ട്രി, എം എസ് സി ഫോറസ്ട്രി, എം എസ് സി അഗ്രികൾച്ചർ, എൽ എൽ ബി, എൽ എൽ എം, ആൾ പോസ്റ്റ് ഡോക്ടറൽ എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തിൽ പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്കാണ് ലാപ്ടോപ് നൽകുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ ഏഴ്. അപേക്ഷാ ഫോറവും മറ്റ് വിശദ വിവരങ്ങളും ജില്ലാ ഓഫീസില്‍ നിന്നും ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ kmtwwfb.org യിലും ലഭിക്കുന്നതാണ്.
അസിസ്റ്റന്റ് പ്രഫസർ നിയമനം
വടകര ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എം സി എ വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നു. താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം സി എ) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ഹയർ ട്രയൽ ആൻഡ് ഡിപ്ലോയ് പദ്ധതിയിലേക്കുള്ള ( എച്ച് ടി ഡി) അപേക്ഷ ജൂലൈ 10 വരെ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ ജൂനിയർ എൻജിനീയറിങ് ട്രെയിനീ തസ്തികയിൽ ഒരു വർഷം പരിശീലനം പൂർത്തീകരിക്കണം. 2023 ബിടെക് സിവിൽ/ ബി ആർക്ക് പഠനം പൂർത്തീകരിച്ച് ഫലം കാത്തിരിക്കുന്നവർക്കും 2022 ൽ പഠനം പൂർത്തീകരിച്ച പ്രായം 24 വയസ്സിൽ കവിയാതെയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ആഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കേണ്ട വെബ്സൈറ്റ് www.iiic.ac.in, ഫോൺ : 8078980000