ടോള്‍ പിരിവില്‍ നൂതന സംവിധാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങള്‍ ദേശീയപാതകളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോള്‍ ഈടാക്കാനാണ് തീരുമാനം. .നിലവിലെ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായും ഒഴിവാക്കി ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴി ടോള്‍ പിരിവ് സാധ്യമാക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ സംവിധാനമനുസരിച്ച് അടുത്ത ടോള്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പായി യാത്ര അവസാനിച്ചാല്‍ യാത്രികര്‍ക്ക് മുഴുവന്‍ തുകയും നല്‍കേണ്ടിവരും. എന്നാല്‍, പരിഷ്‌ക്കരിച്ച രീതിയനുസരിച്ച് സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രമെ തുക നല്‍കേണ്ടതുള്ളൂ. അങ്ങിനെ വരുമ്പോള്‍ നികുതി പിരിവ് കാര്യക്ഷമമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
രാജ്യത്ത് നിലവില്‍ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയിരിക്കുകയാണ്. പരീക്ഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നാണ് വിവരം. യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരം സംവിധാനങ്ങളിലാണ് ടോള്‍ പിരിവ് നടപ്പിലാക്കുന്നത്. ഇന്ത്യയിലും ഇത് ഏര്‍പ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.