കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്.ബാഗ് ധരിച്ച ഒരാൾ ഇടറോഡിലുടെ നടന്നുവന്ന് പ്രധാന റോഡിന് സമീപം നിൽക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. സംഭവത്തിനു പിന്നാലെ പൊലീസ് ഈ സിസിടിവി പരിശോധിച്ച് ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. അതേസമയം എലത്തൂർ പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ രേഖാചിത്രം തയാറാക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതിയുടെ രേഖാചിത്രം തയാറാക്കുന്നത്.
ഇന്നലെ രാത്രി 11.30നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്ഥലത്തിനു തൊട്ടടുത്താണ് റെയിൽവേ ട്രാക്കും റെയിൽവേ ക്രോസിങ്ങുമുള്ളത്. അവിടെനിന്ന് നടന്നുവന്നയാളാണ് പള്ളിക്കു സമീപം റോഡരികിൽ അൽപനേരം നിൽക്കുന്നതായി കാണുന്നത്. ഇയാൾ ഫോണിൽ സംസാരിച്ചാണു നിൽപ്പ്. ചുവപ്പു കള്ളി ഷർട്ടാണു വേഷം. ട്രാക്കിൽനിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കിൽ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ യുവാവ് കോച്ചിൽ പെട്രോൾ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പരിശോധിക്കുന്നുണ്ട്.തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം തുടങ്ങി. സംഭവത്തില്‍ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു. ഫൊറൻസിക്, ഫിംഗർ പ്രിന്റ് പരിശോധന പൂർത്തിയായി. ഉത്തർപ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക നിഗമനം.

