നിയമസഹായം നൽകും
തിരുവനന്തപുരം വിതുരയിലെ ആദിവാസി ഊരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ഇരകൾക്ക് ജില്ലാ നിയമസേവന അതോറ്റി നിയമ സഹായം ചെയ്യും. ഇരകൾക്ക് താത്കാലിക വിക്ടിം കോമ്പൻസേഷൻ ലഭ്യമാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും മറ്റു നിയമ സഹായങ്ങൾക്കും ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷകരെ നിയമിക്കും. പീഡനത്തിനിരയായ പെൺകുട്ടികളെ ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിലാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാരുടെ പെൻഷൻ: മസ്റ്ററിങ് നടത്തണം
ഭിന്നശേഷി സംബന്ധമായ ആനുകൂല്യങ്ങൾക്ക് ബയോമെട്രിക് മസ്റ്ററിംഗ് നടത്തുവാനുള്ള മുഴുവൻ ഭിന്നശേഷിക്കാരും സമയബന്ധിതമായി മസ്റ്ററിങ് നടത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ 20 വരെയാണ് മസ്റ്ററിങ്ങിന് സംസ്ഥാന സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്.
സിൽവർലൈനിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്: ധനമന്ത്രി
സിൽവർലൈനിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയും റെയിൽവേയും അയച്ച കത്തുകൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്. 2019 ഡിസംബറിൽ തന്നെ റെയിൽവേയുടെ കത്ത് ലഭിച്ചതായി മന്ത്രി പറഞ്ഞു. തുടർന്ന് ധനമന്ത്രി നിർമല സീതാരാമന്റെ കത്തും ലഭിച്ചു. 2020 ഒക്‌ടോബറിൽ ലഭിച്ച കത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കത്തുകളുടെയും നിവേദനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. നിയമപരമായ കാര്യങ്ങളിൽ ഊന്നിയാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. പാർലമെന്റിൽ ഇതുസംബന്ധിച്ച നൽകിയ മറുപടി സാധാരണഗതിയിൽ നൽകുന്ന മറുപടി മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഭാവി വികസനത്തിന്റെ ഭാഗമാണ് സിൽവർലൈൻ. ഭാവിതലമുറയെക്കൂടി കരുതിയാണ് ഈ പദ്ധതി വേണമെന്ന് പറയുന്നത്. കേന്ദ്രം നിർദ്ദേശിക്കുന്നതനുസരിച്ചുള്ള മാറ്റം ഡി. പി. ആറിൽ വരുത്തും. സിൽവർ ലൈനിന് പണം മുടക്കാൻ തയ്യാറായ ജിക്ക പോലെയുള്ള ഏജൻസി ലാഭകരമല്ലാത്ത ഒരു പദ്ധതിയുമായി സഹകരിക്കുമോയെന്നും മന്ത്രി ചോദിച്ചു.
ഞായറാഴ്ച നിയന്ത്രണം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്കു തടസമുണ്ടാകില്ല
കോവിഡിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്തു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണു കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ ടയർ – 3 വിവരണാത്മക പരീക്ഷ നടക്കുന്നത്. രാവിലെ 11 മുതൽ 12 വരെയാണു പരീക്ഷാ സമയം. പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ഇ-അഡ്മിറ്റ് കാർഡ്, ഹാൾ ടിക്കറ്റ്, ജീവനക്കാരുടെ ഓഫിസ്/കോളജ് തിരിച്ചറിയൽ രേഖ എന്നിവ ഈ ആവശ്യത്തിനു മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.
കെട്ടിടം ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ലയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഗേൾസ് ഹോമിനായി 4,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താല്പര്യമുള്ള കെട്ടിടം ഉടമകളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട്, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന, പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തൽ ബന്ധപ്പെടണം. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
സ്‌പോട്ട് അഡ്മിഷൻ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടക്കുന്ന ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി നാലിനു രാവിലെ 11ന് പോളിടെക്‌നിക്കിൽ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റ്, റ്റി സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2360391.
പൊതുമരാമത്ത് പരിശോധനാ സംഘത്തിന്റെ യോഗം നാളെ കോഴിക്കോട്
തകരാറില്ലാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതും ഗുണനിലവാരം ഉറപ്പാക്കാതെയുള്ള പണികള്‍ നടത്തുന്നതും കണ്ടെത്താന്‍ പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം നാളെ കോഴിക്കോട്ട് ചേരും. രാവിലെ 11 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് യോഗം. ഇതുവരെ നടത്തിയ കണ്ടെത്തലുകള്‍ അവലോകനം ചെയ്യാനും പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനുമാണ് അടിയന്തരമായി യോഗം ചേരുന്നത്. ഈയിടെ രൂപീകരിച്ച പ്രത്യേക സംഘം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇതിനകം പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു.