റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എം.പിയും മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചു.
മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള കേസുകൾ ബാലിശമാണെന്ന് കോടതിയെ അറിയിച്ചു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലുള്ള കേസ്സുകള്‍ റദ്ദാക്കണമെന്നാണ് ആവശ്യം. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയും സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിച്ചതിനുമാണ് കേസ് വിവിധ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിവിധ വിഭാഗങ്ങള്‍ക്ക് ഇടയില്‍ വിദ്വേഷം പടര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന് തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തെന്ന് എഫ്ഐആറിലുണ്ട്. ഇത് ചെങ്കോട്ടയിലെത്തി കൊടി ഉയര്‍ത്താന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.

