കലോത്സവത്തിനെത്തുന്ന മൽസരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാൻ ക്യൂ ആർ കോഡ് സംവിധാനം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ഓരോ ജില്ലയിലെയും മത്സരാർഥികൾക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം, രജിസ്‌ട്രേഷൻ സെന്റർ, ഭക്ഷണസ്ഥലം തുടങ്ങിയവയുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും. കൂടാതെ, നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ, താമസസ്ഥലത്തിന്റെ ഫോൺ നമ്പർ, താമസ സ്ഥലത്തിന്റെ ലൊക്കേഷൻ, കലോത്സവത്തിന്റെ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടീസ് എന്നിവയും ക്യൂ ആർ കോഡിലൂടെ അറിയാം.
ക്യൂ ആർ കോഡ് സംവിധാനത്തിന്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ മന്ത്രി ജി ആർ അനിലിന് കൈമാറിയാണ് ക്യൂ ആർ കോഡ് പ്രകാശനം ചെയ്തത്.
താമസ സൗകര്യം ആവശ്യമുള്ള മത്സരാർഥികൾക്ക് ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് തന്നെ അത് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരരാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 25 സ്‌കൂളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ 10 സ്‌കൂളുകൾ റിസർവ്വായും കരുതിയിട്ടുണ്ട്. എല്ലാ താമസ സ്ഥലങ്ങളിലും അധ്യാപകരെ രണ്ട് ഷിഫ്റ്റായി ഡ്യട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കൂടാതെ പെൺകുട്ടികൾ താമസിക്കുന്ന സ്‌കൂളുകളിൽ വനിതാ പോലീസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിക്കും.