ചെന്നൈ: സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. വിജയ് ചിത്രം ‘ലിയോ’ അക്രമ ലഹരിമരുന്നു രംഗങ്ങള്‍ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. മധുര ഒറ്റക്കടവ് സ്വദേശി രാജാ മുരുകനാണ് ആണ് ഹര്‍ജി നല്‍കിയത്.
സ്ത്രീകളെ കൊല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന ലോകേഷിന് ക്രിമിനല്‍ മനസ്സാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നുണ്ട്. ‘ലിയോ’സിനിമ ടിവിയില്‍ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
‘ലിയോ’കണ്ടു തനിക്ക് മാനസിക സമ്മര്‍ദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകന്‍ ആരോപിക്കുന്നു. ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോള്‍ ലോകേഷ് കനകരാജിന്റെ അഭിഭാഷകര്‍ ഹാജരായിരുന്നില്ല. ഇതോടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു കോടതി മാറ്റി.