ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് പൂർണ എക്‌സ്‌പ്രസിൽ വെച്ച് 22 കാരിയായ യുവതിയോട് 42 കാരൻ അപമര്യാദയോടെ പെരുമാറിയത്. കേരളത്തിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന മലയാളി യുവതിക്ക് മുന്നിൽ 42 കാരൻ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു.ട്രെയിൻ കർണാടകയിലെ ഗോകർണ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. ചൊവ്വാഴ്ച രാവിലയോടെ ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്നിലിരുന്ന് യുവാവ് പാന്‍റിന്‍റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദർശിപ്പിക്കുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ആദ്യം യുവാവിന്‍റെ പ്രവൃത്തി കണ്ടത്. ഉടനെ ഇവർ ബഹളം വെച്ചു. ഇതോടെ യുവാവ് സീറ്റിൽ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി.തുടർന്ന് യുവതിയും സുഹൃത്തുക്കളും റെയിൽവേ എമർജൻസി നമ്പറിൽ വിവരം അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എക്സാമിനറേയും വിവരം അറിയിച്ചു. റെയിൽവെ പൊലീസിൽ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് അടുത്ത സ്റ്റേഷനിൽ എത്തുമ്പോഴേക്കും പ്രതിയെ പിടികൂടുമെന്നും എമർജൻസി വിഭാഗം യുവതിയെ അറിയിച്ചു. ഇതിനിടെ ട്രെയിൻ മാർഗാവോ റെയിൽവേ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ കാത്തുനിന്ന ഗോവ പൊലീസിന്‍റെ കൊങ്കൺ റെയിൽവേ യൂണിറ്റ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.