ആനക്കാം പൊയിലില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കിണറിന്റെ 100 മീറ്റര്‍ സമീപത്തായാണ് ആനയുടെ ശവശരീരം കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് കോഴിക്കോട് തിരുവമ്പാടി മുത്തപ്പന് പുഴക്കടുത്ത് കാട്ടാനയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും മണിക്കൂറുകള്‍ നീണ്ട കഠിനമായ പരിശ്രമത്തിലാണ് ആനയെ പുറത്തെത്തിച്ചത്. ഏതാണ്ട് 5 ദിവസം മുന്‍പാണ് ഈ കാട്ടാന 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുന്നത്. ആള്‍താമസമില്ലാത്ത പ്രദേശമായതിനാല്‍ വെള്ളിയാഴ്്ച്ച പുലര്‍ച്ചെയാണ് ആനയെ ഈ കിണറ്റില്‍ ആളുകള്‍ കാണുന്നത്.
വനത്തിനുള്ളിലെ സ്ഥലമായതിനാല്‍ ഇവിടേക്ക് വാഹനം എത്തിക്കാന്‍ ഏറെ പ്രയാസമാണ്. മൂന്ന് മണിക്കൂര്‍ സമയം എടുത്താണ് ജെ.സി.ബി വരെ ഈ സംഭവസ്ഥലത്തേക്ക് എത്തിച്ചത്്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ച ആന ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയും അഫ്ക ലൈറ്റ് തകര്‍ക്കുകയും ചെയ്തിരുന്നു. ശേഷം പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്കയച്ചത്.
പ്രദേശത്ത് സ്ഥിരമായി വന്യമൃഗ ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ഭാഗം മുഴുവന്‍ കാടായതിനാല്‍ തന്നെ മൃഗങ്ങള്‍ വിള നശിപ്പിക്കുന്നതും ഇവിടെ ദുരിതക്കാഴ്ച്ചയാണ്.

