സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്.
ഭക്ഷണം വേണ്ടെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് കുടിച്ചത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.
കേസിലെ അതിജീവിതയെ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. എറണാകുളം സൈബര്‍ പൊലീസാണ് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തത്. റസാഖ് പി എ, രാജു വിദ്യകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഐടി ആക്ട് പ്രകാരം കേസ് എടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് കേസ്.
അതേസമയം, ലൈംഗികതിക്രമം, ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം. ഇപ്പോഴും രാഹുല്‍ സംസ്ഥാനം കടന്നോ എന്നതിലും വ്യക്തതയില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും, ജില്ലാതലങ്ങളില്‍ അന്വേഷിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം.
രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക.

